ന്യൂഡൽഹി: പഠിക്കാനെത്തുന്ന ഇന്ത്യൻ വിദ്യാർഥികളെ കാരണം വ്യക്തമാക്കാതെ അമേരിക്ക തിരികെ അയക്കുന്നതായി റിപ്പോർട്ട്. മൂന്നു വർഷത്തിനിടെ ഇത്തരത്തിൽ 48 ഇന്ത്യൻ വിദ്യാർഥികളെ നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം പറയുന്നു. ലോക്സഭയിൽ ആന്ധ്ര പ്രദേശിൽനിന്നുള്ള എം.പി ബി.കെ പാർത്ഥസാരഥിയുടെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിദ്യാർഥികളെ തിരികെ അയക്കുന്നതിന്‍റെ കാരണങ്ങൾ അമേരിക്ക ഔദ്യോഗികമായി വ്യക്തമാക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം പറയുന്നു. അനധികൃതമായി ജോലി ചെയ്യൽ, വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്ന് പുറത്താക്കൽ, സസ്പെൻഷൻ തുടങ്ങിയ കാര്യങ്ങൾ വിദ്യാർഥികളുടെ വിസ റദ്ദാക്കുന്നതിലേക്ക് നയിച്ചേക്കാമെന്നും മന്ത്രി പറഞ്ഞു.
കൂടാതെ, മറ്റൊരു ചോദ്യത്തിനുള്ള മറുപടിയായി, ലോകമെമ്പാടുമുള്ള അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെക്കുറിച്ചുള്ള വിവരങ്ങൾ സർക്കാറിന് ഇല്ലെന്നും മന്ത്രി അറിയിച്ചു. അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കെതിരെ കേന്ദ്ര സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.