ന്യൂഡല്‍ഹി: നയതന്ത്രപരമായി ഇന്ത്യയെ പൂര്‍ണമായും അമേരിക്കയുടെ ആശ്രിതരാക്കുന്നതായിരുന്നു ആണവ കരാറെന്നും അതുകൊണ്ടാണ് തങ്ങള്‍ കരാറിനെ എതിര്‍ത്തതെന്നും സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
ഇന്ത്യ- യു.എസ് ആണവ കരാറിനെ എതിര്‍ക്കാന്‍ ചൈന ഇടതുപാര്‍ട്ടികളെ ഉപയോഗിച്ചുവെന്ന മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2008ല്‍ ആണവകരാറിനെ ചൊല്ലി യു.പി.എ സര്‍ക്കാറിനുള്ള പിന്തുണ ഇടത് കക്ഷികള്‍ പിന്‍വലിക്കുമ്പോള്‍ പ്രകാശ് കാരാട്ടായിരുന്നു സി.പി.എം ജനറല്‍ സെക്രട്ടറി.
അമേരിക്കയുമായി നയതന്ത്രപരമായ കൂട്ടുകെട്ട് ഉറപ്പിക്കുന്നതായിരുന്നു ആണവ കരാര്‍. സൈനിക സഹകരണമായിരുന്നു പ്രധാനം. ഇക്കാരണത്താലാണ് ഇടതുകക്ഷികള്‍ കരാറിനെ എതിര്‍ത്തത്. അതുതന്നെ സംഭവിച്ചുവെന്ന് പിന്നീടുണ്ടായ സംഭവങ്ങള്‍ കാണിക്കുന്നു.
ആണവ കരാര്‍ നമുക്ക് എന്തു നേടിത്തന്നു നമ്മുടെ ആണവശക്തി വര്‍ധിപ്പിക്കാനും വിപുലീകരിക്കാനും കഴിയുമെന്ന് അവര്‍ പറഞ്ഞു. ഒന്നും സംഭവിച്ചില്ല. അമേരിക്കയുമായി സൈനിക തലത്തിലും നയതന്ത്ര തലത്തിലും അടുത്ത ബന്ധം സ്ഥാപിച്ചുവെന്നത് മാത്രമാണ് സംഭവിച്ചത്. ഞങ്ങള്‍ അന്ന് പറഞ്ഞതും ഇതുതന്നെയാണ് കാരാട്ട് പറഞ്ഞു.
ആണവ കരാര്‍ ഇന്ത്യയെ പൂര്‍ണമായും അമേരിക്കയുടെ ആശ്രിതരാക്കുമെന്നതായിരുന്നു ഞങ്ങളുടെ നിലപാട്.
ചൈനയുമായി ഏതെങ്കിലും ഘട്ടത്തില്‍ ആണവകരാര്‍ വിഷയത്തില്‍ ആശയവിനിമയമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഒരു തരത്തിലുള്ള ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് കാരാട്ട് മറുപടി നല്‍കി. ആണവ ദാതാക്കളുടെ കൂട്ടായ്മയില്‍ ചൈന ഇന്ത്യയെ പിന്തുണക്കുമായിരുന്നെങ്കില്‍ പോലും ഇക്കാര്യത്തിലെ ഞങ്ങളുടെ നിലപാടില്‍ മാറ്റമുണ്ടാകുമായിരുന്നില്ല കാരാട്ട് പറഞ്ഞു.
200708 കാലത്ത് ഇന്ത്യയു.എസ് ആണവ കരാറിനെ എതിര്‍ക്കാന്‍ ചൈന ഇന്ത്യയിലെ ഇടതുപാര്‍ട്ടികളുമായുള്ള അടുത്ത ബന്ധം ഉപയോഗിച്ചുവെന്നാണ് മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ആരോപണമുയര്‍ത്തിയത്.
അദ്ദേഹത്തിന്‍റെ പുസ്തകമായ ‘ലോങ് ഗെയിം, ഹൗ ദി ചൈനീസ് നെഗോഷിയേറ്റ് വിത്ത് ഇന്ത്യ’യിലാണ് വന്‍ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിേയക്കാവുന്ന വെളിപ്പെടുത്തലുകള്‍.
ഇടതു പാര്‍ട്ടികളുമായുള്ള അടുത്ത ബന്ധം ചൈന ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് ഗോഖലെ പറയുന്നു. സി.പി.എമ്മിന്‍റെയും സി.പി.ഐയുടെയും ഉന്നത നേതാക്കള്‍ കൂടിക്കാഴ്ചകള്‍ക്കായും ചികിത്സക്കായും ചൈനയിലേക്ക് പോകാറുണ്ടായിരുന്നു.
മന്‍മോഹന്‍ സിങ്ങിന്‍റെ യു.പി.എ സര്‍ക്കാറില്‍ ഇടതുകക്ഷികള്‍ക്കുണ്ടായിരുന്ന സ്വാധീനം മനസ്സിലാക്കിയാണ് ചൈന ഇടപെടല്‍ നടത്തിയത്. ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിലേക്കുള്ള ചൈനയുടെ ആദ്യ ഇടപെടലായിരുന്നു ഇത്. എന്നാല്‍, പ്രത്യക്ഷത്തില്‍ രംഗത്തുവരാതെ മറഞ്ഞിരുന്നു ഗോഖലെ എഴുതുന്നു.