കോഴിക്കോട്: മെഗാസ്റ്റാര്‍ മമ്മൂട്ടിക്കെതിരെ കോഴിക്കോട് കേസ്. കൊവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന കുറ്റത്തിനാണ് കേസെടുത്തത്. മെയ്ത്ര ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ മമ്മൂട്ടിയും മറ്റു പ്രമുഖരും സംബന്ധിച്ചിരുന്നു. ഇതില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ആള്‍ക്കൂട്ടം പങ്കെടുത്തതാണ് കേസെടുക്കാന്‍ കാരണം.
വെള്ളിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തതായി എലത്തൂര്‍ പോലീസ് അറിയിച്ചു. കൊവിഡ് ഭീതി വ്യാപിച്ച ശേഷം മമ്മൂട്ടി പൊതു പരിപാടികളില്‍ പങ്കെടുക്കാറില്ല. മാസങ്ങള്‍ക്ക് ശേഷം താരം നേരിട്ടെത്തിയ ആദ്യ പൊതുപരിപാടിയാണ് മെയ്ത്രയില്‍ നടന്നത്.
ആശുപത്രി ചെയര്‍മാന്‍ ഫൈസലിന്റെ ക്ഷണം സ്വീകരിച്ചാണ് മമ്മൂട്ടി പരിപാടിക്ക് എത്തിയത്. ഈ വേളയില്‍ അദ്ദേഹം നടത്തിയ ചില വെളിപ്പെടുത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനിടെയാണ് പോലീസ് കേസെടുത്ത വിവരം വരുന്നത്. കൊവിഡ് മാനദണ്ഡം ലംഘിട്ട് 300ഓളം പേര്‍ ചടങ്ങില്‍ പങ്കെടുത്തതാണ് പോലീസ് നടപടിക്ക് കാരണം.
പകര്‍ച്ചവ്യാധി നിയമം ലംഘിച്ചു എന്നതാണ് കേസ്. നിലവിലെ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വകുപ്പ് പ്രകാരം പോലീസ് വ്യാപകമായി കേസെടുക്കുന്നുണ്ട്. ആള്‍ക്കൂട്ടങ്ങള്‍ ഒത്തുചേര്‍ന്ന് രോഗ വ്യാപനത്തിന് വഴിയൊരുക്കരുത് എന്നാണ് ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദേശം. എല്ലാവരും മാനദണ്ഡം പാലിക്കണമെന്ന് പോലീസ് പ്രത്യേകം അഭ്യര്‍ഥിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു മെയ്ത്ര ആശുപത്രിയിലെ ഉദ്ഘാടന ചടങ്ങ്.
ആശുപത്രിയില്‍ സന്ധി മാറ്റിവയ്ക്കലിലുള്ള ആധുനിക ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടന ചടങ്ങിന് എത്തിയപ്പോള്‍ ആള്‍ക്കൂട്ടമുണ്ടാക്കിയെന്നാണ് പോലീസ് പറയുന്നത്. ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗമുള്ള ബ്ലോക്കിലെത്തിയിരുന്നു മമ്മൂട്ടി. ആളുകള്‍ തടിച്ചുകൂടാന്‍ ഇത് കാരണമായി. അലി ഫൈസല്‍, എബ്രഹാം സാമുവല്‍ രാജന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കൊവിഡ് വ്യാപനം തുടങ്ങിയ ശേഷം എറണാകുളത്തെ വീട് വിട്ടു മമ്മൂട്ടി പുറത്തുപോകാറില്ല. പൊതുപരിപാടികളില്‍ അദ്ദേഹം ഓണ്‍ലൈന്‍ വഴി പങ്കെടുത്തിരുന്നു. മലപ്പുറം ജില്ലാ ഭരണകൂടം സംഘടിപ്പിച്ച പ്രാണവായു എന്ന പരിപാടിയില്‍ മമ്മൂട്ടി പങ്കെടുത്തത് ഓണ്‍ലൈന്‍ വഴിയായിരുന്നു. കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന് അദ്ദേഹം ഉണര്‍ത്തുകയും ചെയ്തിരുന്നു.
മെയ്ത്രയിലെ പരിപാടിയില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തത് സംബന്ധിച്ച് മമ്മൂട്ടി സംസാര മധ്യേ സൂചിപ്പിക്കുകയുണ്ടായി. താന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പേര്‍ പങ്കെടുത്തു എന്നാണ് അദ്ദേഹം പറഞ്ഞത്. മെയ്ത്ര ചെയര്‍മാന്റെ ക്ഷണം നിരസിക്കാന്‍ സാധിക്കാത്തതതിനാലാണ് ചടങ്ങിന് എത്തിയതെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.
മെയ്ത്രയിലെ ഉദ്ഘാടന ചടങ്ങ് കടുത്ത നിയന്ത്രണത്തോടെയാണ് സംഘടിപ്പിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കായിരുന്നു പ്രവേശനം. ആന്റിജന്‍ പരിശോധനയും നടത്തിയിരുന്നു. എന്നാല്‍ ഈ ചടങ്ങിന് ശേഷമാണ് താരങ്ങള്‍ ആശുപത്രി സന്ദര്‍ശിക്കാനെത്തിയതും മാനദണ്ഡങ്ങള്‍ ലംഘിച്ച് ആളുകള്‍ തടിച്ചുകൂടിയതും.
ഇടത് കാലിന്റെ ലിഗമെന്റ് പൊട്ടിയ കാര്യം മമ്മൂട്ടി പരിപാടിയില്‍ സംസാരിക്കവെ വെളിപ്പെടുത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. 21 വര്‍ഷം മുമ്പ് നടന്ന സംഭവമാണ് താരം വെളിപ്പെടുത്തിയത്.
ഭേദമാക്കാന്‍ ശ്രമിച്ചാല്‍ കാലിന്റെ വലിപ്പം കുറയും. ഇത് കൂടുതല്‍ കളിയാക്കലിനും മറ്റും കാരണമാകും. അതുകൊണ്ട് വേദന സഹിച്ചാണ് ഈ അഭ്യാസങ്ങളെല്ലാം കാണിക്കുന്നത് എന്നായിരുന്നു മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍.