വാഷിങ്ടണ്‍: യു.എസില്‍ ഒരിടവേളക്ക് ശേഷം കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. ജൂണ്‍ അവസാന നാളുകളില്‍ 11,000ത്തിന് അടുത്തായിരുന്നു പ്രതിദിന കേസുകളെങ്കില്‍, ഇപ്പോള്‍ അഞ്ച് ദിവസമായി ഒരു ലക്ഷത്തിന് മുകളിലാണ് പ്രതിദിന കേസുകള്‍.
മുതിര്‍ന്നവരില്‍ 70 ശതമാനവും അമേരിക്കയില്‍ വാക്‌സിന്‍ സ്വീകരിച്ചവരാണ്. എന്നിട്ടും, വൈറസിന്‍റെ ഡെല്‍റ്റ വകഭേദം അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുകയാണ്. മരണനിരക്കിലും വര്‍ധനവുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയിലെ ശരാശരി പ്രതിദിന മരണം 270 ആയിരുന്നു. എന്നാല്‍, ഇക്കഴിഞ്ഞ വെള്ളിയാഴ്ച മാത്രം മരിച്ചത് 750 പേരാണ്.
വേള്‍ഡോമീറ്റര്‍ വെബ്‌സൈറ്റിലെ കണക്ക് പ്രകാരം 1,30,706 പേര്‍ക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ആഗസ്റ്റ് മൂന്ന് മുതല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ലക്ഷത്തിന് മുകളിലാണ് പ്രതിദിന രോഗികള്‍.
വാക്‌സിന്‍ സ്വീകരിക്കാത്തവരിലൂടെയാണ് വൈറസ് പ്രധാനമായും വ്യാപിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഫ്‌ലോറിഡ, ലൂസിയാന, മിസ്സിസിപ്പി തുടങ്ങിയ നഗരങ്ങളില്‍ ആശുപത്രികള്‍ നിറഞ്ഞ സാഹചര്യമാണ്.
ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ള യു.എസില്‍ 3,64,49,353 പേര്‍ക്കാണ് അസുഖം ബാധിച്ചത്. 6,32,647 പേര്‍ മരിക്കുകയും ചെയ്തു. 59,82,407 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.