ന്യൂഡല്‍ഹി: പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള ഫോണ്‍ചോര്‍ത്തലുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി പ്രതിരോധ മന്ത്രാലയം. പെഗാസസ് സോഫ്റ്റ് വെയര്‍ നിര്‍മാതാക്കളായ ഇസ്രയേലി കമ്പനി എന്‍എസ്ഒ ഗ്രൂപ്പുമായി ഒരു വിധത്തിലുള്ള ഇടപാടുകളും ഇല്ലെന്ന് പ്രതിരോധ മന്ത്രാലയം രാജ്യസഭയില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
കേരളത്തില്‍നിന്നുള്ള എം.പി. ഡോ. ശിവദാസന്റെ ചോദ്യത്തിന് മറുപടിയായാണ് പ്രതിരോധ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. എന്‍എസ്ഒ ഗ്രൂപ്പുമായി ഒരു വിധത്തിലുള്ള ഇടപാടുകളും പ്രതിരോധ മന്ത്രാലയത്തിന് ഇല്ലെന്ന് എഴുതി തയ്യാറാക്കിയ പ്രസ്താവനയില്‍ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ മന്ത്രിമാര്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍, പത്രപ്രവര്‍ത്തകര്‍, ജഡ്ജിമാര്‍, ബിസിനസുകാര്‍ തുടങ്ങിയവര്‍ അടക്കമുള്ള പ്രമുഖരുടെ ഫോണുകള്‍ ചാര സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് ചോര്‍ത്തിയെന്ന വെളിപ്പെടുത്തലാണ് വിവാദത്തിനിടയാക്കിയത്.
വിഷയത്തില്‍ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരു സഭകളെയും തടസ്സപ്പെടുത്തിയിരുന്നു. വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം.