കാബൂള്‍: അഫ്ഗാനിസ്ഥാനില്‍നിന്നുള്ള ജനങ്ങളുടെ കൂട്ടപ്പലായനത്തിനിടെ കാബൂളില്‍ അഞ്ച് മരണം. വിമാനത്തില്‍ കയറിപ്പറ്റാനുള്ള തിക്കിലും തിരക്കിലും പെട്ടാണ് അഞ്ചുപേര്‍ മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ വിമാനത്താവളത്തില്‍നിന്ന് വെടിയൊച്ചകള്‍ കേട്ടതായും ചില മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വെടിവെപ്പിലാണോ മരണം സംഭവിച്ചതെന്ന കാര്യം വ്യക്തമല്ല.
രാജ്യം താലിബാന്റെ നിയന്ത്രണത്തിലാവുകയും പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യംവിടുകയും ചെയ്തതിന് പിന്നാലെ പരിഭ്രാന്തരായ ജനങ്ങള്‍ വിമാനത്താവള ടെര്‍മിനലിലേക്ക് ഇരച്ചെത്തുകയായിരുന്നു.
കൈക്കുഞ്ഞുങ്ങള്‍ അടക്കമുള്ളവരുമായി ആയിരക്കണക്കിന് ജനങ്ങള്‍ എത്തിയത് വിമാനത്താവളത്തില്‍ വലിയ തിക്കുംതിരക്കും സൃഷ്ടിച്ചു. പരിഭ്രാന്തരായ ജനങ്ങള്‍ വിമാനത്തില്‍ തള്ളിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അഞ്ച് പേര്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, കാബൂള്‍ വിമാനത്താവളത്തില്‍ വെടിവെപ്പുണ്ടായതായും വിമാനത്താവളത്തില്‍നിന്ന് പ്രാദേശിക പത്രപ്രവര്‍ത്തകര്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ ചിലതില്‍ വെടിയൊച്ചകള്‍ കേള്‍ക്കാമെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വിമാനത്താവളത്തിലെ ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ അമേരിക്കന്‍ സേന ആകാശത്തേക്ക് വെടിയുതിര്‍ത്തതാണെന്ന് ചില വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ വ്യോമസേനയുടെ ഏതാനും വിമാനങ്ങള്‍ കബൂള്‍ വിമാനത്താവളത്തില്‍ ഉണ്ട്.
ഇതിനിടെ, അഫ്ഗാന്റെ വ്യോമമാര്‍ഗം അടച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് വൈമാനികര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. അമേരിക്കയില്‍നിന്ന് എത്തിയ വിമാനങ്ങള്‍ ഇതോടെ വഴിതിരിച്ചുവിട്ടതായി അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യയിലേക്കുള്ള ചിക്കാഗോ-ന്യൂഡല്‍ഹി (AI-126), സാന്‍ഫ്രാന്‍സിസ്കോ-ന്യൂഡല്‍ഹി (AI-174) വിമാനങ്ങളാണ് ഗള്‍ഫ് മേഖലയിലൂടെ വഴിതിരിച്ചുവിട്ടത്. അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമം ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.