കാബൂള്‍: അഫ്ഗാനിസ്താനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാന്‍. സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ മുതല്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് താലിബാന്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ പ്രതികാരനടപടികള്‍ ഉണ്ടാവില്ലെന്നും താലിബാന്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പൊതു മാപ്പ് പ്രഖ്യാപിക്കുകയാണ്. നാളെ മുതല്‍ അവര്‍ക്ക് സാധാരണ പോലെ പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ ജോലിയില്‍ പ്രവേശിക്കാമെന്നും താലിബാന്‍ അറിയിച്ചു.
നേരത്തെ നയതന്ത്ര പ്രതിനിധികള്‍, എംബസികള്‍, കോണ്‍സുലേറ്റ്, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം സുരക്ഷ ഉറപ്പാക്കുമെന്ന പ്രസ്താവനയുമായി താലിബാന്‍ രംഗത്തെത്തിയിരുന്നു.
അന്താരാഷ്ട്ര, ദേശീയ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കും. അവര്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാവില്ല.
നയതന്ത്ര പ്രതിനിധികള്‍ക്കായി സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുകയാണ് താലിബാന്‍റെ ലക്ഷ്യമെന്ന് വക്താവ് സുഹൈല്‍ ഷഹീന്‍ പറഞ്ഞിരുന്നു. ട്വിറ്ററിലൂടെയായിരുന്നു താലിബാന്‍ വക്താവിന്‍റെ പ്രതികരണം.