ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനില്‍നിന്നു സേനയെ പിന്‍വലിച്ചതിനെ ന്യായീകരിച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍. താലിബാന്‍റെ വിജയത്തില്‍ കടുത്ത വിമര്‍ശനം നേരിടുന്നതിനിടെയാണ് ബൈഡന്‍ മൗനം വെടിഞ്ഞ് തന്‍റെ തീരുമാനം ശരിയെന്ന് ആവര്‍ത്തിച്ചത്.
“”തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു. അമേരിക്കന്‍ സേനയെ അഫ്ഗാനിസ്ഥാനില്‍നിന്നു പിന്‍വലിക്കാന്‍ ഉചിതമായ ഒരു സമയം ഉണ്ടാവില്ലെന്ന് കഴിഞ്ഞ 20 വര്‍ഷത്തെ അനുഭവത്തില്‍നിന്നു വ്യക്തമാണ്” -തിങ്കളാഴ്ച വൈറ്റ്ഹൗസില്‍നിന്നു രാജ്യത്തെ അഭിസംബോധന ചെയ്ത് ബൈഡന്‍ പറഞ്ഞു.
പ്രതീക്ഷിച്ചതിലും നേരത്തേ അഫ്ഗാന്‍ സര്‍ക്കാര്‍ വീണത് ഉത്കണ്ഠാജനകമാണെന്ന് അദ്ദേഹം സമ്മതിച്ചു. താലിബാന്‍റെ വിജയത്തിനുത്തരവാദി അഫ്ഗാന്‍സര്‍ക്കാരും സൈന്യവുമാണ്.
അഫ്ഗാന്‍ സൈന്യം പലപ്പോഴും പോരാട്ടം കൂടാതെ കീഴടങ്ങി. അഫ്ഗാന്‍ സേനയ്ക്കു ചെയ്യാന്‍ താത്പര്യമില്ലാത്ത യുദ്ധത്തിനിറങ്ങി അമേരിക്കന്‍ പട്ടാളക്കാര്‍ കൊല്ലപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നു ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.