വാഷിങ്ടന്‍: കാബൂള്‍ വിമാനത്താവള കവാടത്തിലുണ്ടായ സ്ഫോടനത്തിന്റെ സൂത്രധാരനെ ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചെന്ന് അമേരിക്കന്‍ സൈന്യം. നന്‍ഗാര്‍ഹര്‍ പ്രവിശ്യയില്‍ നടത്തിയ ആക്രമണത്തില്‍ സൈന്യം ലക്ഷ്യമിട്ടയാള്‍ കൊല്ലപ്പെട്ടുവെന്നും നാട്ടുകാര്‍ മരിച്ചതായി റിപ്പോര്‍ട്ടില്ലെന്നും സെന്‍ട്രല്‍ കമാന്‍ഡിലെ ക്യാപ്റ്റന്‍ ബില്‍ അര്‍ബന്‍ പറഞ്ഞു.
വിമാനത്താവളത്തിലെ ചാവേര്‍ ആക്രമണത്തിനു ശേഷം അമേരിക്ക നടത്തുന്ന ആദ്യ തിരിച്ചടിയാണിത്. ആക്രമണം നടത്തിയവരെ പിന്തുടര്ന്നു പിടികൂടുമെന്നും ശിക്ഷിക്കുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞിരുന്നു.
‘ആക്രമണം നടപ്പിലാക്കിയവരും അമേരിക്കയെ ഉന്നമിടുന്നവരും അറിയുക. ഞങ്ങള്‍ ക്ഷമിക്കില്ല, മറക്കുകയുമില്ല. പിന്തുടര്ന്നു പിടികൂടും, ശിക്ഷിക്കും. ഐഎസ് ഭീകരര്‍ക്കും അവരുടെ കേന്ദ്രങ്ങള്‍ക്കും നേരെ ആക്രമണപദ്ധതി തയാറാക്കാന്‍ കമാന്‍ഡര്‍മാര്‍ക്കു നിര്‍ദേശം നല്‍കിക്കഴിഞ്ഞു. തക്കസമയത്തു ശക്തമായും കൃത്യമായും തിരിച്ചടിക്കും’ ബൈഡന് പറഞ്ഞു.
ബൈഡന്റെ മുന്നറിയിപ്പിനു പിന്നാലെയാണ് യുഎസ് സൈന്യം അഫ്ഗാന് പ്രവിശ്യയില്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്. കാബൂള്‍ വിമാനത്താവളത്തില്‍ ഒഴിപ്പിക്കല്‍ നടപടി പുരോഗമിക്കുന്നതിനിടെ അഫ്ഗാനു പുറത്തുനിന്നായിരുന്നു ആക്രമണം. വിമാനത്താവളത്തില്‍ കൂടുതല്‍ ചാവേര്‍ ആക്രമണങ്ങള്‍ക്കു സാധ്യതയുള്ളതിനാല്‍ യുഎസ് പൗരന്മാര് അടിയന്തരമായി ഒഴിഞ്ഞുപോകണമെന്ന് അമേരിക്ക വെള്ളിയാഴ്ചയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
കാബൂള്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തില്‍ 13 യുഎസ് സൈനികര്‍ ഉള്‍പ്പെടെ 170 പേര് മരിച്ചെന്നാണു റിപ്പോര്‍ട്ട്. 28 താലിബാന്‍കാരും കൊല്ലപ്പെട്ടു. കുട്ടികളും സ്ത്രീകളുമടക്കം അഫ്ഗാന് പൗരന്മാരാണു കൊല്ലപ്പെട്ടവരിലേറെയും. ഇരുനൂറിലേറെ പേര്‍ക്കു പരുക്കേറ്റു; ഇതില്‍ 18 യുഎസ് സൈനികരുമുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഐഎസ്, ചാവേറായ ഭീകരന്റെ പേരും പുറത്തുവിട്ടു. 2011 ഓഗസ്റ്റിനുശേഷം യുഎസ് സേനയ്ക്കുനേരെ അഫ്ഗാനിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. മോര്‍ച്ചറികള്‍ നിറഞ്ഞുകവിഞ്ഞതോടെ ആശുപത്രി വരാന്തയിലാണു മൃതദേഹങ്ങള്‍ കിടത്തിയത്. അഫ്ഗാന് അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചതു 95 മരണമാണ്.
20 യുഎസ് സൈനികര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടെന്നാണ് ഐഎസ് അവകാശവാദം. കൂടുതല്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടായേക്കുമെന്നു ഭീഷണി നിലനില്‍ക്കേ, യുഎസ്നാറ്റോ സഖ്യത്തിന്റെ ഒഴിപ്പിക്കല്‍ ദൗത്യം അന്തിമ ഘട്ടത്തിലേക്കു കടന്നു.
ഇന്നലെയും പതിനായിരങ്ങള്‍ രാജ്യം വിടാന്‍ വിമാനത്താവളത്തിലെത്തി. ആയുധമേന്തിയ താലിബാന്‍കാര്‍ വിമാനത്താവളത്തിനു മുന്നില്‍ സുരക്ഷ ശക്തമാക്കി. ഈ മാസം 31ന് അകം ഒഴിപ്പിക്കല്‍ പൂര്‍ത്തിയാകുമെന്നു യുഎസ് അറിയിച്ചു.