ന്യൂഡൽഹി: ഒമ്പത് സംസ്ഥാനങ്ങളിൽനിന്നായി 12 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് സെപ്റ്റംബർ മൂന്നിന് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, സർബാനന്ദ സോനോവാൽ, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവർ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽകൂടിയാണ് തെരഞ്ഞെടുപ്പ്.
രാജ്യസഭാംഗങ്ങളായിരുന്ന കെ.സി. വേണുഗോപാൽ (കോൺഗ്രസ്), ദീപേന്ദർ സിങ് ഹൂഡ (കോൺഗ്രസ്), മിസ ഭാരതി (ആർ.ജെ.ഡി), വിവേക് താക്കൂർ (ബി.ജെ.പി), ബിപ്ലവ് കുമാർ ദേവ് (ബി.ജെ.പി) തുടങ്ങിയവരും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഉപരിസഭയിൽ ഒഴിവ് വന്നിട്ടുണ്ട്.
ആഗസ്റ്റ് 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 21 ആണ്. തെലങ്കാന, ഒഡിഷ സംസ്ഥാനങ്ങളിലെ രണ്ട് നിയമസഭ സീറ്റുകളിലേക്കും സെപ്റ്റംബർ മൂന്നിന് ഉപ തെരഞ്ഞെടുപ്പ് നടക്കും.