ടോക്കിയോ: ജപ്പാനില്‍ 7.1 തീവ്രത അനുഭവപ്പെട്ട ഭൂചലനം ഉണ്ടായി. ഭൂചലനത്തിനു പിന്നാലെ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്കി.
നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ശക്തമായ ഇരട്ട ഭൂചലനമാണ് ഉണ്ടായത്. ദക്ഷിണ ജപ്പാനിലെ മിയാസാക്കി പ്രിഫെക്ചറിലാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പമാപിനിയില്‍ 6.9 തീവ്രതയാണ് രേഖപ്പെടുത്തിയത്. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ചിനാന്‍ നഗരത്തിന് വടക്ക്-കിഴക്ക് 20 കിലോമീറ്റര്‍ അകലെയാണ് 7.1 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന് പിന്നാലെ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ഒന്നാമത്തെ ഭൂചലനം കടലില്‍ 30 കിലോമീറ്റര്‍ ആഴത്തിലായിരുന്നു. ഹ്യൂഗ-നാഡ കടലിലാണ് ഭൂചലനം ഉണ്ടായതെന്ന് ജപ്പാനിലെ ഭൂകമ്പ നിരീക്ഷണ ഏജന്‍സി അറിയിച്ചു.
ഭൂചലനത്തിന് ശേഷം ഒരു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങള്‍, നദികള്‍, തടാകങ്ങള്‍ എന്നിവയ്ക്ക് സമീപം താമസിക്കുന്നവര്‍ ഉടന്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മിയാസാക്കിക്ക് പുറമെ, കൊച്ചി, എഹിം, കഗോഷിമ, ഒയിറ്റ പ്രിഫെക്ചറുകളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ, കഗോഷിമ പ്രിഫെക്ചറില്‍ സ്ഥിതി ചെയ്യുന്ന സെന്‍ഡായി ആണവ നിലയത്തില്‍ ഒരു പ്രശ്നവുമില്ലെന്ന് ക്യൂഷു ഇലക്ട്രിക് പവര്‍ കമ്പനി അറിയിച്ചു. എഹിം പ്രിഫെക്ചറില്‍ സ്ഥിതി ചെയ്യുന്ന ഇക്കാറ്റ ആണവ നിലയത്തിനും ഇതുവരെ പ്രശ്നങ്ങളില്ല.