പുൻ്റകാന: വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖർക്ക് ഫോമായുടെ ആദരം. ഫോമാ അന്താരാഷ്ട്ര കൺവൻഷനിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു. വിദഗ്ധ കമ്മറ്റിയാണ് ഓരോ മേഖലയിലെയും അവാർഡുകൾ തീരുമാനിച്ചത്.
ഫോമാ ഭരണസമിതി അംഗങ്ങളായ ഡോ.ജേക്കബ് തോമസ് (പ്രസിഡൻ്റ്), ഓജസ് ജോ (ജനറൽ സെക്രട്ടറി), ബിജു തോണിക്കടവിൽ (ട്രഷറർ), ജോയിൻ്റ് സെക്രട്ടറി ജെയ്മോൾ ശ്രീധർ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ്, കൺവൻഷൻ ചെയർ കുഞ്ഞു മാലിയിൽ, അവാർഡ് കമ്മിറ്റി ചെയർമാൻ തോമസ് കോശി, കോ- ചെയർ ചാക്കോ കോയിക്കലേട്ട്, കമ്മിറ്റിയംഗങ്ങളായ ലൂക്കോസ് പൈനുങ്കൽ, മേഴ്‌സി സാമുവൽ, വിൽസൺ ഊഴത്തിൽ, ലാലി കളപ്പുരയ്ക്കൽ എന്നിവർ പുരസ്കാര വിതരണ ചടങ്ങിൻ്റെ ഭാഗമായി.

ചാരിറ്റി, വിമൻ എംപവർമെൻ്റ്, ബിസിനസ് മാൻ ഓഫ് ദി ഇയർ, ഫോമാ രജിസ്ട്രേഷൻ വെൽഡൻ, ഫോമാ ബെസ്റ്റ് റീജിയൻ, ഫോമാ ബെസ്റ്റ് അസോസിയേഷൻ, ഫോമാ ബെസ്റ്റ് റീജിയൻ പ്രൊസഷൻ, ഫോമാ ബെസ്റ്റ് ഷോർട്ട് സ്റ്റോറി എന്നീ വിഭാഗങ്ങളിലായിരുന്നു പുരസ്കാരങ്ങൾ.
കേരളത്തിനകത്തും പുറത്തും ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത പീറ്റർ ജോർജ് കുളങ്ങരയ്ക്ക് ബെസ്റ്റ് ചാരിറ്റി വർക്കർ അവാർഡ് മുൻ മന്ത്രിയും കടുത്തുരുത്തി എംഎൽഎയുമായ മോൻസ് ജോസഫ് സമ്മാനിച്ചു.

ബെസ്റ്റ് റീജിയനായി സൺഷൈൻ ഫ്ലോറിഡ തിരഞ്ഞെടുക്കപ്പെട്ടു. ആർവിപി ചാക്കോച്ചൻ ജോസഫ് അവാർഡ് ഡോ.ജേക്കബ് തോമസിൽ നിന്ന് ഏറ്റുവാങ്ങി. ബെസ്റ്റ് അസോസിയേഷൻ അവാർഡിന് മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയയും (മങ്ക) കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സിയും (കഞ്ച്) അർഹരായി. ഇരു അസോസിയേഷനുകളുടെയും പ്രസിഡന്റുമാർക്ക് ഓജസ് ജോൺ അവാർഡ് നൽകി. ന്യൂയോർക്ക് മെട്രോ റീജിയൻ പ്രൊസഷനിലെ മികച്ച റീജിയനായി തിരഞ്ഞെടുക്കപ്പെട്ടു. ബിജു തോണിക്കടവിൽ അവാർഡ് സമ്മാനിച്ചു. വിമൻ എംപവർമെന്റ് അവാർഡ് കൺവൻഷൻ ചെയർ കുഞ്ഞ് മാലിയിലിൽ നിന്ന് അമ്മു സക്കറിയയ്ക്കുവേണ്ടി മകൻ സാജൻ സക്കറിയ ഏറ്റുവാങ്ങി. രജിസ്ട്രേഷൻ വെൽ ഡൺ അവാർഡ് സാജൻ മൂലപ്ലാക്കലിന് മോൻസ് ജോസഫ് സമ്മാനിച്ചു. ഫോമാ ബിസിനസ് മാൻ ഓഫ് ദി ഇയർ അവാർഡ് ജനറൽ കൺവീനർ സജി എബ്രഹാമിൽ നിന്ന് നോബിൾ ഏറ്റുവാങ്ങി.

ഫോമായുടെ സ്ഥാപകനായ ശശിധരൻ നായരെ മോൻസ് ജോസഫ് എംഎൽഎ ആദരിച്ചു. മുൻ പ്രസിഡന്റുമാരായ ജോൺ ടൈറ്റസ്, ബെന്നി വാച്ചാച്ചിറ, ജോർജ് മാത്യു, ബേബി ഊരാളിൽ എന്നിവരെ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ ആദരിച്ചു. മുൻ പ്രസിഡന്റുമാരായ ഫിലിപ്പ് ചാമത്തിൽ, അനിയൻ ജോർജ്ജ്, ഡോ. ജേക്കബ് തോമസ് തുടങ്ങിയവരെ മുൻ ഡിജിപി ടോമിൻ തച്ചങ്കരി ആദരിച്ചു. ഫോമാ ചെറുകഥാ മത്സരത്തിലെ വിജയിയായി ഡോ.മധു നമ്പ്യാരും റണ്ണർ അപ്പായി മഞ്ജു വർഗീസും തിരഞ്ഞെടുക്കപ്പെട്ടു.
