തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ റജിസ്റ്റർ ചെയ്ത ആദ്യ കേസിൽ കുറ്റപത്രം സമർപിച്ചു. സ്വാമിക്കെതിരെ ബലാത്സംഗത്തിനും പെൺകുട്ടിക്കും സുഹൃത്ത് അയ്യപ്പദാസിനുമെതിരെ ജനനേന്ദ്രിയം മുറിച്ചതിനുമായി ക്രൈംബ്രാഞ്ച് രണ്ട് കേസെടുത്തിരുന്നു.
ഇതിൽ സ്വാമിക്കെതിരായ കേസിലാണ് ബലാത്സംഗ കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ചത്. ലൈംഗിക പീഡനത്തിനിടെയാണ് പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചതെന്നു കുറ്റപത്രത്തിൽ പറയുന്നു. ജനനേന്ദ്രിയം മുറിച്ചതിന് പെൺകുട്ടിക്കെതിരെയും ഉടൻ കുറ്റപത്രം നൽകും.
2017 മെയ് 19ന് പുലർച്ചെയാണ് തിരുവനന്തപുരം പേട്ടയിൽ സ്വാമി ഗംഗേശാനന്ദയെ ജനനേന്ദ്രിയം മുറിച്ച നിലയിൽ കണ്ടെത്തിയത്. പൂജയ്ക്കായി എത്തിയ വീട്ടിലെ 23 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടിയാണ് ജനനേന്ദ്രിയം മുറിച്ചതെന്നായിരുന്നു ആദ്യ നിഗമനം. പെൺകുട്ടി സ്വാമിക്കെതിരെ മൊഴിയും നൽകി. എന്നാൽ ഏതാനും ആഴ്ച കഴിഞ്ഞതോടെ പെൺകുട്ടി മൊഴി തിരുത്തി. ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടില്ലന്നും സ്വാമിയുടെ മുൻ അനുയായിയും തന്റെ സുഹൃത്തുമായ അയ്യപ്പദാസിന്റെ പ്രേരണ പ്രകാരം താൻ ജനനേന്ദ്രിയം മുറിച്ചതാണെന്നുമായിരുന്നു തിരുത്തിയ മൊഴി.