ജനീവ: എംപോക്സ് എന്ന മങ്കി പോക്സ് രോഗം 116 രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രോഗം അതിവേഗം പടരുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടനയുടെ അടിയന്തര കമ്മിറ്റി ഉടന്‍ യോഗം ചേരാന്‍ തീരുമാനിച്ചു. അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്ന രോഗത്തെ ഗ്രേഡ് മൂന്ന് എമര്‍ജന്‍സി വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ഈ വര്‍ഷം മാത്രം 15600 മങ്കി പോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 537 പേര്‍ മരണപ്പെട്ടു. സ്ത്രീകളിലും 15 വയസില്‍ താഴെയുള്ള കുട്ടികളിലും രോഗം പിടിപെട്ടാല്‍ ഗുരുതരമാകാന്‍ സാധ്യതയെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
എച്ച്1 എന്‍1 പന്നിപ്പനി, പോളിയോ വൈറസ്, സിക വൈറസ്, എബോള, കോവീഡ് എന്നിവക്കാണ് ഇതുവരെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലും രോഗം പടരുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 160 ശതമാനമാണ് രോഗ വര്‍ധന.
1958ല്‍ ഡെന്മാര്‍ക്കിലെ കുരങ്ങുകളിലാണ് ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. മനുഷ്യരില്‍ ആദ്യമായി എംപോക്സ് രോഗം റിപ്പോര്‍ട്ട് ചെയ്തത് 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഒമ്പത് വയസുകാരനിലാണ്. 2022 മുതല്‍ മങ്കി പോക്‌സ് വ്യാപനമുണ്ടെങ്കിലും അടുത്തിടെയാണ് തീവ്രമായത്. മങ്കി പോക്‌സിനെ തുടര്‍ന്ന് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ഇത് രണ്ടാം തവണയാണ്.