വാഷിംഗ്ടണ്‍: ഇസ്രായേല്‍-ലെബനന്‍ സംഘര്‍ഷം അതിരൂക്ഷമാകുന്നതിനിടെ അമേരിക്കന്‍ വിദേശ നയത്തെയും പ്രസിഡന്റ് ജോ ബൈഡനെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ കാലിഫോര്‍ണിയയിലെ ബീച്ചില്‍ കിടന്നുറങ്ങുകയാണെന്നും വൈസ് പ്രസിഡന്റ് കമലാ ഹാരിസാകട്ടെ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ടിം വാള്‍സിനൊപ്പം ടൂര്‍ നടത്തുകയാണെന്നും എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.
മിഡില്‍ ഈസ്റ്റില്‍ യു.എസിനായി ആരാണ് ചര്‍ച്ചകള്‍ നടത്തുന്നത്?. എല്ലായിടത്തും ബോംബുകള്‍ വീഴുകയാണ്, ഇനിയൊരു ലോകയുദ്ധം ഉണ്ടാകരുത്. കമല ഹാരിസിന്റെ കീഴില്‍ യു.എസിന് ഭാവിയുണ്ടാകില്ലെന്നും അവര്‍ തങ്ങളെ മൂന്നാം ലോക യുദ്ധത്തിലേക്ക് കൊണ്ടുപോകുമെന്നും ട്രംപ് പറഞ്ഞതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തോടൊപ്പമാണെന്ന് കമല ഹാരിസ് വ്യക്തമാക്കി. ഇസ്രായേലി വ്യോമസേനയുടെ നൂറോളം യുദ്ധവിമാനങ്ങള്‍ കഴിഞ്ഞദിവസം ലെബനനില്‍ ആക്രമണം നടത്തിയിരുന്നു. മറുപടിയായി ഹിസ്ബുല്ല ലെബനനില്‍ നിന്ന് ഇസ്രായേലി പ്രദേശത്തേക്ക് മിസൈലുകള്‍ വിക്ഷേപിച്ചിരുന്നു.