തിരുവനന്തപുരം: കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ പാലക്കാട് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്റെ തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായി വ്യവസായമന്ത്രി പി. രാജീവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എം.ഡി എസ്.ഹരികിഷോർ, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്, കിൻഫ്ര ജനറൽ മാനേജർ അമ്പിളി എന്നിവരാണ് ടാസ്‌ക് ഫോഴ്‌സ് അംഗങ്ങൾ.
പദ്ധതിക്കായി ആഗോള ടെണ്ടർ ക്ഷണിക്കും. പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റിനെയും നിശ്ചയിക്കും. ഇതിനായുള്ള സമയക്രമം നിശ്ചയിച്ചതായി മന്ത്രി പറഞ്ഞു. പദ്ധതിക്ക് കേന്ദ്രാനുമതി കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. പദ്ധതി പ്രദേശത്തേക്ക് വൈദ്യതി, വെള്ളം, റോഡ് ഉൾപ്പെടെയുള്ള ബാഹ്യഅടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പദ്ധതി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല നെറ്റ്‌വർക്ക് പ്‌ളാനിംഗ് കമ്മിറ്റിയാണ് തയ്യാറാക്കുക. പദ്ധതി പ്രദേശത്തിന് പ്രത്യേക വ്യവസായ ടൗൺഷിപ്പ് പദവിയും നൽകും. ഏകജാലക സംവിധാനം സ്ഥാപിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും.
പദ്ധതിയുടെ മാസ്റ്റർപ്‌ളാൻ, ഡി.പി.ആർ ടെണ്ടർ രേഖകൾ എന്നിവ പൂർത്തിയായിട്ടുണ്ട്. പരിസ്ഥിതി അനുമതിയും ലഭിച്ചു. വ്യവസായ, വാണിജ്യ, പാർപ്പിട, പൊതുസേവന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭൂമിയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ളതാണ് മാസ്റ്റർപ്‌ളാൻ. 3806 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയുടെ 50 ശതമാനം ചെലവും സംസ്ഥാനമാണ് വഹിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള 1789.92 കോടി രൂപ സംസ്ഥാനം വഹിച്ചു. പദ്ധതിക്കാവശ്യമായ 1710 ഏക്കർ ഭൂമിയും സംസ്ഥാനം ഏറ്റെടുത്തിരുന്നു. പ്രാരംഭ നടപടികളെല്ലാം കേരളം പൂർത്തിയാക്കിയതിനെത്തുടർന്നാണ് കേന്ദ്ര കാബിനറ്റിന്റെ അംഗീകാരം ലഭിച്ചതെന്ന് വ്യവസായമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വ്യവസായമന്ത്രി പി.രാജീവ് ഇക്കഴിഞ്ഞ ജൂൺ 28 ന് കേന്ദ്ര വ്യവസായമന്ത്രി പിയൂഷ് ഗോയലിനെയും സന്ദർശിച്ച് പദ്ധതിക്ക് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കൊച്ചി-ബാംഗ്‌ളൂർ വ്യവസായ ഇടനാഴിയുടെ ഏറ്റവും പ്രധാന ഭാഗമാണ് പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റി. 1710 ഏക്കറിലാണ് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ നിലവിൽ വരിക. പുതുശേരി സെൻട്രലിൽ 1137 ഏക്കറും പുതുശേരി വെസ്റ്റിൽ 240 ഏക്കറും കണ്ണമ്പ്ര യിൽ 313 ഏക്കറും പദ്ധതിക്കായി ഏറ്റെടുത്തു. കേരളത്തിൽ 10,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുന്ന കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള 82 ശതമാനം സ്ഥലവും 2022 ൽ തന്നെ സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്‌മെന്റ് കോർപ്പറേഷൻ എന്ന എസ്.പി.വി മുഖേനയാണ് വ്യവസായ ഇടനാഴി പ്രോജക്ട് നടപ്പാക്കുന്നത്.
ഭക്ഷ്യസംസ്‌കരണം, ഫാർമസ്യൂട്ടിക്കൽസ്, പ്രതിരോധം, എയ്‌റോസ്‌പേസ്, മെഡിസിനൽ കെമിക്കൽസ്, ബൊട്ടാണിക്കൽ ഉൽപന്നങ്ങൾ, ടെക്‌സ്‌റ്റൈൽസ്, നോൺ മെറ്റാലിക് – മിനറൽ പ്രോഡക്റ്റ്‌സ്, റബ്ബർ- പ്‌ളാസ്റ്റിക് ഉൽപന്നങ്ങൾ, സെമി കണ്ടക്റ്ററുകൾ, ഇന്റഗ്രേറ്റഡ് സർക്യൂട്ട്, പ്രിന്റഡ് സർക്യൂട്ട്, നാനോടെക് ഉൽപന്നങ്ങൾ, ലിക്വിഡ് ക്രിസ്റ്റൽ ഡിവൈസസുകൾ, ഡാറ്റ പ്രോസസിംഗ് മെഷീൻ, ട്രാൻസ് മിഷൻ ഷാഫ്റ്റുകൾ, പി.വി.സി പൈപ്പ്, ട്യൂബുകൾ, പോളിയുറേത്തിൻ തുടങ്ങി വിവിധ മേഖലകളിൽ വ്യവസായ സംരംഭങ്ങൾ പാലക്കാട് ഉയർന്നു വരും. പ്രാദേശിക – കയറ്റുമതി വിപണികൾ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളാവും ഇവിടെ ആരംഭിക്കുന്നത്. വ്യവസായങ്ങൾക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നൽകുന്നതിനൊപ്പം നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ചെയ്യും. ഉത്തരവാദ വ്യവസായം, ഉത്തരവാദ നിക്ഷേപം എന്ന നയത്തിലൂന്നിക്കൊണ്ട് പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായങ്ങൾ സ്ഥാപിച്ച് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കും. കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് പുത്തനുണർവ്വ് നൽകുന്ന കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴി യാഥാർഥ്യമാകുമ്പോൾ 55000 പേർക്കെങ്കിലും നേരിട്ട് തൊഴിൽ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഭക്ഷ്യസംസ്‌കരണം, ലൈറ്റ് എഞ്ചിനീയറിംഗ്, ജ്വല്ലറി, പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങളുടെയും മറ്റ് ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണ-വാതക ഇന്ധനങ്ങൾ, ഇലക്ട്രോണിക്‌സ്, ഐ.ടി, ലോജിസ്റ്റിക്, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളിൽ ക്ലസ്റ്ററുകൾ വികസിപ്പിക്കാനാണ് ഇടനാഴിയുടെ ഭാഗമായി ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി.രാജീവ് വ്യക്തമാക്കി.