വാര്‍സോ: ഇരുപതാം നൂറ്റാണ്ടിലെ പോളണ്ടിന്റെ കത്തോലിക്ക ചരിത്രത്തിലെ ദീപസ്തംഭങ്ങളായി നിലകൊണ്ട കര്‍ദ്ദിനാള്‍ സ്‌റ്റെഫാന്‍ വിസിന്‍സ്കിയേയും മദര്‍ എല്‍സ്ബിയറ്റാ റോസാ ക്‌സാക്കായേയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു.
പരിശുദ്ധ കന്യകാ മാതാവിന്റെ തിരുനാമത്തിന്റെ തിരുനാള്‍ ദിനമായ ഇന്നലെ സെപ്റ്റംബര്‍ 12 ഞായറാഴ്ച പോളണ്ടിന്റെ തലസ്ഥാനമായ വാര്‍സോയിലെ ടെംപിള്‍ ഓഫ് ഡിവൈന്‍ പ്രോവിഡന്‍സ് ദേവാലയത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്കിടെ വത്തിക്കാന്‍ നാമകരണ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ മാര്‍സെല്ലോ സെമാരോയാണ് പ്രഖ്യാപനം നടത്തിയത്.
പോളിഷ് പ്രസിഡന്‍റ് ആന്‍ഡ്രസെജ് ഡൂഡ, പ്രധാനമന്ത്രി മാറ്റിയൂസ് മൊറാവീക്കി, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കം നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്.
കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിനെതിരെയുള്ള പോളിഷ് സഭയുടെ ചെറുത്തു നില്‍പ്പുകള്‍ക്ക് നേതൃത്വം നല്‍കിയ ധീരനായ പിതാവായിരുന്നു വാഴ്ത്തപ്പെട്ട വിസിന്‍സ്കി. കാഴ്ചശക്തിയില്ലാത്തവരുടെ പരിചരണത്തില്‍ വിപ്ലവം സൃഷ്ടിച്ച അന്ധയായ മദര്‍ ക്‌സാക്കാ നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃകയായിരിന്നു.
ഇന്ന്! വാഴ്ത്തപ്പെട്ടവരായവര്‍ ഈ രാഷ്ട്രത്തില്‍ നിന്നും അളവില്ലാത്ത വിശ്വാസ നന്മയും, ദൈവസ്‌നേഹത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യത്തില്‍ നിന്നും ആവേശവും സ്വീകരിച്ചവരാണെന്നും വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ കര്‍ദ്ദിനാള്‍ സെമാരോ പറഞ്ഞു.
ഇരുവരും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുവാന്‍ തിരുസഭ പഠനങ്ങള്‍ക്ക് ശേഷം അംഗീകരിച്ച അത്ഭുതത്തിന് കാരണമായ വ്യക്തികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. സുവിശേഷത്തോട് വിശ്വസ്തത പുലര്‍ത്തിയ ജീവിത സാക്ഷ്യമായിരുന്നു അവര്‍ നല്‍കിയതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്നുവന്നിരുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന് സമാപനം കുറിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ അര്‍പ്പിച്ച അതേ സമയത്ത് തന്നെയായിരുന്നു വാര്‍സോയിലെ വിശുദ്ധ കുര്‍ബാനയും. തന്റെ ബലിയര്‍പ്പണത്തില്‍ പാപ്പ ഇരുവരെയും അനുസ്മരിച്ചിരിന്നു.