ന്യൂഡല്‍ഹി: കേരളത്തില്‍ തീവ്രവാദം വളരുന്നതിന് എല്‍.ഡി.എഫും യു.ഡി.എഫും ഒരേ പോലെ സംഭാവനകള്‍ നല്‍കുകയാണെന്ന് ബി.ജെ.പി എം.പി അല്‍ഫോണ്‍സ് കണ്ണന്താനം. കേരളം 5- 10 വര്‍ഷത്തിനുള്ളില്‍ മറ്റൊരു അഫ്ഗാനിസ്താനായി മാറുമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
കേരളത്തില്‍ താലിബാന്‍വത്കരണം വളരെയധികം നടക്കുകയാണ്, പ്രധാനമായും കഴിഞ്ഞ 25 വര്‍ഷമായി ചില പോക്കറ്റുകളില്‍. അടുത്ത അഞ്ച് മുതല്‍ 10 വര്‍ഷത്തിനിടെ കേരളം മറ്റൊരു അഫ്ഗാനിസ്താനായി മാറും. ഇത് അങ്ങേയറ്റം ദു:ഖകരമാണ്. തീകൊണ്ടു കളിക്കരുതെന്ന് എല്‍.ഡി.എഫിനും യു.ഡി.എഫിനും മുന്നറിയിപ്പ് നല്‍കുകയാണ്.
കേരള കേഡറില്‍ നിന്നുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനായ താന്‍ കേരളത്തെ ഇതുപോലെ ഒരിക്കലും കണ്ടിട്ടില്ല. കേരളത്തില്‍ സമാധാനവും ഐക്യവും ഉണ്ടായിരുന്നു. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നില്ല. ആളുകള്‍ സമാധാനപരമായി ജീവിച്ചിരുന്നു.
ഇപ്പോള്‍ എല്‍.ഡി.എഫിന് മുസ്ലിം വോട്ടുകള്‍ വേണം. അതിനാല്‍ ഒന്നിനെതിരെയും സംസാരിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. കേരളം പോലെ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളിടത്ത് പോലും തീവ്രവാദത്തിന്‍റെ വിത്തുകള്‍ പാകല്‍ എളുപ്പമാണ്. ഏതാനും മേഖലകളില്‍ നമുക്കിത് കാണാം. ഐസിസിനെ കുറിച്ച് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത് കേരളത്തില്‍ നിന്നാണ് കണ്ണന്താനം പറഞ്ഞു.
കേരളത്തിലെ ജിഹാദി പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കേരള ബിജെപി ജനറല്‍ സെക്രട്ടറി കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണന്താനത്തിന്‍റെ പ്രതികരണം. സെപ്തംബര്‍ ഒമ്പതിനാണ് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിവാദമായ പ്രഭാഷണം നടത്തിയത്. ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും യാഥാര്‍ത്ഥ്യമാണെന്നായിരുന്നു ബിഷപ്പിന്‍റെ പരാമര്‍ശം.