വാഷിങ്ടണ്‍: മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വാഷിങ്ടണില്‍ ഉജ്വല സ്വീകരണം. യു.എസ് സ്ഥാനപതി തരണ്‍ജിത് സിങ് സന്ദുവിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. യു.എസിലെ ഇന്ത്യക്കാര്‍ പ്രധാനമന്ത്രിയെ കാണാന്‍ എത്തിയിരുന്നു. ഇവരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു.
ആദ്യ ദിവസം വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. കൂടാതെ, പ്രമുഖ കമ്പനികളുടെ സി.ഇ.ഒമാരെയും പ്രധാനമന്ത്രി കാണും.
യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരമുള്ള സന്ദര്‍ശനത്തില്‍ ഇന്ത്യ- യു.എസ് ആഗോള തന്ത്രപര പങ്കാളിത്ത കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് യാത്രക്ക് മുമ്പ് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ക്വാഡ് ഉച്ചകോടിയിലും പങ്കെടുക്കും.
അതേസമയം, അഫ്ഗാനിസ്താന്‍ ഒഴിവാക്കി പാക് വ്യോമാതിര്‍ത്തി വഴിയാണ് പ്രധാനമന്ത്രിയുടെ വിമാനം യു.എസിലേക്ക് പോയത്. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കുള്ളതിനാല്‍ പ്രത്യേക അനുമതി തേടുകയായിരുന്നു.