ന്യൂഡല്‍ഹി: ഹരിയാനയിലെ സിംഘു അതിര്‍ത്തിയില്‍ പ്രതിഷേധത്തിനിടെ കര്‍ഷകന്‍ മരിച്ചു. കര്‍ഷക സമരത്തിനിടെ ഇതുവരെ 700ലേറെ കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാറിന്‍റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദിനെ തുടര്‍ന്ന് തലസ്ഥാന നഗരിയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.
ഭാരത് ബന്ദില്‍ രാജ്യതലസ്ഥാനം നിശ്ചലമായി. കര്‍ഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി ഡല്‍ഹി ഗുരുഗ്രാം അതിര്‍ത്തിയില്‍ ഒന്നര കിലോമീറ്ററില്‍ അധികം ദൂരം ഗതാഗത തടസം അനുഭവപ്പെട്ടു.ദേശീയപാതയിലെ വന്‍ ഗതാഗതക്കുരുക്കിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഗുരുഗ്രാമില്‍നിന്ന് ഡല്‍ഹിയില്‍ പ്രവേശിപ്പിക്കാന്‍ ഒരുങ്ങിയ വാഹനങ്ങളാണ് കുരുക്കില്‍ അകപ്പെട്ടത്. കര്‍ഷക ബന്ദിന്‍റെ ഭാഗമായി ഡല്‍ഹിയിലും അതിര്‍ത്തി പ്രദേശങ്ങളിലും കര്‍ശന സുരക്ഷ നിരീക്ഷണം ഡല്‍ഹി പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും വിളകള്‍ക്ക് അടിസ്ഥാന താങ്ങുവില ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ് കര്‍ഷക പ്രക്ഷോഭം. 40ഓളം കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഭിമുഖ്യത്തിലാണ് പ്രക്ഷോഭം. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയിട്ട് ഒരു വര്‍ഷം സെപ്റ്റംബര്‍ 17ന് തികയും. ഇതേതുടര്‍ന്നാണ് തിങ്കളാഴ്ച ഭാരത് ബന്ദ് ആചരിക്കുന്നത്.
കര്‍ഷക സംഘടനകളെ കൂടാതെ കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികള്‍, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി, സമാജ്‌വാദി പാര്‍ട്ടി, തെലുങ്ക്‌ദേശം പാര്‍ട്ടി തുടങ്ങിയവ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിരുന്നു.
അതിനിടെ ഹൃദയാഘാതമാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു.