തിരുവനന്തപുരം: കോവിഡ് ബാധിച്ചതിനെത്തുടര്‍ന്നുള്ള 8,000 മരണങ്ങള്‍ കൂടി ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജില്ലാതലത്തില്‍ മരണക്കണക്കുകള്‍ സ്ഥിരീകരിക്കാന്‍ തുടങ്ങിയ ജൂണ്‍ 14 വരെ പല കാരണങ്ങളാല്‍ ഒഴിവാക്കപ്പെട്ട മരണങ്ങളാണു പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.
ഇതിന്റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഇതോടെ ആകെ മരണം ഏതാണ്ട് 33,000 ആകും. നിലവിലുള്ള ഔദ്യോഗിക മരണസംഖ്യ 24,810 ആണ്.
പുതുക്കിയ സംഖ്യയനുസരിച്ച് നഷ്ടപരിഹാരം നല്‍കാന്‍ ആകെ 164 കോടി രൂപ വേണം. സംസ്ഥാന ദുരന്ത നിവാരണനിധിയില്‍ ഏകദേശം 160 കോടി രൂപയാണു ബാക്കിയുള്ളത്.
ഒട്ടേറെ കോവിഡ് മരണങ്ങള്‍ മറച്ചുവച്ചതായി തെളിവുകള്‍ സഹിതം നിയമസഭയില്‍ ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന്, ഇവ പുനഃപരിശോധിച്ച് പുതിയ പട്ടിക പ്രസിദ്ധീകരിക്കുമെന്നു ജൂലൈയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പുറത്തുവിട്ടില്ല.
കോവിഡ് ബാധിച്ചു 30 ദിവസത്തിനകമുള്ള മരണങ്ങളെല്ലാം കോവിഡ് മരണങ്ങളായി കണക്കാക്കണമെന്നും 50,000 രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള കേന്ദ്ര നിര്‍ദേശത്തെത്തുടര്‍ന്നാണു സര്‍ക്കാര്‍ പട്ടിക പുതുക്കിയത്. സുപ്രീം കോടതി ഇടപെടലിനെത്തുടര്‍ന്നാണു കേന്ദ്രസര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്.
കോവിഡ് ബാധിച്ചു 30 ദിവസത്തിനകമുള്ള മരണങ്ങള്‍ പുതിയ പട്ടികയിലും ഇല്ലെങ്കില്‍ അവ ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ടാകും. മരിച്ചവരുടെ ആശ്രിതര്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ വഴി പരാതി നല്‍കാം. മെഡിക്കല്‍ രേഖ ഹാജരാക്കണം. പരാതികള്‍ വിദഗ്ധസമിതി പരിശോധിച്ച് തീരുമാനമെടുക്കും. ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കും.
കോവിഡ് ബാധിച്ച ശേഷം ജീവനൊടുക്കിയവരെയും പട്ടികയില്‍ പെടുത്തണമെന്ന നിര്‍ദേശപ്രകാരം അത്തരം അപേക്ഷകളും സര്‍ക്കാരിനു പരിഗണിക്കേണ്ടി വരും.