തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം.വി ഗോവിന്ദന് പകരം സ്പീക്കര്‍ എം ബി രാജേഷ് മന്ത്രിയാകും. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. എം.ബി രാജേഷിന് എം.വി ഗോവിന്ദന്റെ വകുപ്പുകള്‍ തന്നെയായിരിക്കും നല്‍കുക.
അതേസമയം സ്ഥാനമൊഴിയുന്ന എം ബി രാജേഷിന് പകരമായി എ.എന്‍ ഷംസീര്‍ സ്പീക്കറാകും. പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തില്‍ നിന്നാണ് എം ബി രാജേഷ് ജയിച്ചത്. സിറ്റിംഗ് എം.എല്‍.എ വി.ടി ബല്‍റാമിനെ തോല്‍പ്പിച്ചായിരുന്നു ജയം.
പതിനാലും പതിനഞ്ചും ലോക്സഭകളില്‍ രണ്ട് തവണ തുടര്‍ച്ചയായി പാലക്കാട് ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ളയാളാണ് എം ബി രാജേഷ്. സി.പി.എം സംസ്ഥാന കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റുമാണ് എം.ബി രാജേഷ്.
തലശ്ശേരി മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി രണ്ടാം വട്ടം വിജയിച്ചാണ് എ എന്‍ ഷംസീര്‍ നിയമസഭയിലെത്തുന്നത്. എസ് എഫ് ഐയിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. സി.പി.എമ്മിനെ ഏത് അവസരത്തിലും പ്രതിരോധിക്കുക എന്ന ശൈലിയാണ് ഷംസീറിന്റേത്. ചാനല്‍ ചര്‍ച്ചകളിലും സജീവ സാന്നിധ്യമായിരുന്നു.
അതേസമയം ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് രാജി വെച്ച സജി ചെറിയാന്റെ ഒഴിവിലേക്ക് പകരം മന്ത്രിയെ പരിഗണിച്ചിട്ടില്ല. അനാരോഗ്യത്തെ തുടര്‍ന്ന് സി.പി.എംസി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ മാറിയിരുന്നു. ഇതോടെയാണ് പാര്‍ട്ടിയിലും ഭരണഘടനയിലും മാറ്റം വന്നത്.
എക്സൈസ്-തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന എം.വി ഗോവിന്ദനെ സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലപ്പെടുത്തുകയായിരുന്നു. ഇന്നാണ് എം വി ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജിവെച്ചത്. നേരത്തെ 2020 ലും കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് അനാരോഗ്യത്തെ തുടര്‍ന്ന് മാറിയിരുന്നു. അന്ന് എ വിജയരാഘവനായിരുന്നു ആക്ടിംഗ് സെക്രട്ടറിയായത്.