അനിൽ ആറന്മുള
ഹ്യൂസ്റ്റൺ: മനോജ് കുമാർ പൂപ്പാറയിൽ എന്ന തനി മലയാളി പേര് ഇന്ന് ഹൂസ്റ്റണിലെ അമേരിക്കക്കാരുടെ ഇടയിലും തരംഗമാകുന്നു. ടെക്‌സാസിലെ ഫോട്ബെൻഡ് കൗണ്ടിയിൽ പ്രീസിൻക്ട് 3 കോൺസ്റ്റബിൾ ആയി മത്സരിക്കുകയാണ് ഒരു പോലീസ് കുടുംബത്തിലെ ഇള മുറക്കാരൻ. മനോജിന്റെ മുത്തച്ഛൻ കേരള പോലീസ് സേന അംഗവും അച്ഛൻ പോലീസ് സബ് ഇൻസ്പെക്ടറും ആയിരുന്നു. പോലീസ് ഉദ്യോഗസ്ഥനാവുക എന്ന മനോജിന്റെ സ്വപ്നം പൂവണിയിക്കാൻ കേരളത്തിൽ അദ്ദേഹത്തിന് കഴിഞ്ഞില്ല. അമേരിക്കയിലെത്തി എം ബി എ ബിരുദം നേടുന്നതോടൊപ്പം അദ്ദേഹം ഹാരിസ് കൗണ്ടി ഷെരിഫ് ഡിപ്പാർട്മെന്റിൽ ഉദ്യോഗം നേടി തന്റെ സ്വപ്നം സാക്ഷാത്കരിച്ചു.
ഇരുപതു വർഷം മുൻപ് അമേരിക്കയിലെത്തിയ കൊച്ചിക്കാരൻ മനോജ് പൂപ്പാറയിൽ ഹൂസ്റ്റൻ മെട്രോ പോലീസ് സേനയിലെ അംഗമാണ്. കഴിഞ്ഞ ഡിസംബറിൽ സ്വന്തം കൂട്ടുകാരനായ ഓഫീസറെ കീഴ്പ്പെടുത്തിയ കൊടും കുറ്റവാളിയെ സംഘട്ടന ത്തിലൂടെ കീഴ്പ്പെടുത്തിയ മനോജിന് അന്ന് പരിക്കേറ്റിരുന്നു. മൂന്നു മാസത്തെ ചികിത്സക്കുശേഷമായിരുന്നു വീണ്ടും സനയിൽ ജോലിക്കെത്തിയത്.
കൂട്ടുകാരനെ രക്ഷിച്ചതിനും ഹ്യൂസ്റ്റൻപോലീസിന്റെ പിടികിട്ടാപ്പുള്ളിയായിരുന്ന കൊടും കുറ്റവാളിയെ പിടികൂടിയതിനും ഹ്യൂസ്റ്റൺ പോലീസിന്റെ ഉന്നത ബഹുമതിയായ മെഡൽ ഓഫ് വാലർ അവാർഡിനും അർഹനായ മനു പി എന്നു സ്നേഹപൂർവ്വം സഹപ്രവർത്തകർ വിളിക്കുന്ന മ നോജ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ താമസിക്കുന്ന ഫോട്ബെൻഡ് കൗണ്ടിയിലെ കോൺസ്റ്റബിൾ ഉദ്യോഗത്തിനു ഏറ്റവും യോഗ്യൻ തന്നെ. മനോജിന് കട്ട സപ്പോർട്ടുമായി കൂടെയുള്ള ഹാനി മനോജ് ഭാര്യയും യുവ പ്രാസംഗികൻ മാധവ് മനോജ് പുത്രനുമാണ്.
കഴിഞ്ഞ ആഴ്ച സ്റ്റാഫ്‌ഫോർഡിലെ ദേശി റെസ്റ്റാറ്റാന്റിൽ ഒത്തുചേർന്ന മലയാളി കൂട്ടായ്മ മനോജിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. സ്റ്റാഫോർഡ് മേയർ കെൻ മാത്യു, കെ എച് എൻ എ പ്രസിഡണ്ട് ജി കെ പിള്ള, ഹ്യൂസ്റ്റൺ ക്നാനായ കമ്മ്യൂണിറ്റി പ്രസിഡണ്ട് തോമസ് ചെറുകര, മലയാളി അസോസിയേഷൻ പ്രെസിഡൻറ് ജോജി ജോസഫ്, മാഗ് ട്രസ്റ്റീ ചെയർമാൻ ജോസഫ് ജെയിംസ് അനിൽ ആറന്മുള, ജീമോൻ റാന്നി, പൊന്നുപിള്ള, ഡാനിയേൽ ചാക്കോ, നൈനാൻ മാത്തുള്ള, തുടങ്ങി ഇരുപത്തിഅഞ്ചു പേരുടെ ഒരു കമ്മറ്റി മനോജിന്റെ വിജയത്തിനായി പ്രവർത്തിക്കാൻ തീരുമാനിച്ചു. ഫോട്ബെൻഡ് കൗണ്ടിയിൽ കൗണ്ടി ജഡ്ജ് കെ പി ജോർജ്, മേയർ റോബിൻ ഇലക്കാട്ടു, മേയർ കെൻ മാത്യു, ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, കൗണ്ടി കോർട് ജഡ്ജ് ജൂലി മാത്യു, എന്നിവരുൾപ്പടെ നിലവിൽ തിരഞ്ഞെടുക്കപ്പെട്ട ആറു മലയാളികളാണുള്ളത്.
സെപ്തംബർ 24 ന് മിസോറി സിറ്റിയിലെ ഡെസ്ടിനി ഹാളിൽ നടന്ന മനു പി ക്യാമ്പയിൻ കിക്ക് ഓഫിൽ മനോജിന് പിന്തുണയുമായി സമൂഹത്തിന്റെ വിവിധ രംഗങ്ങളിൽ നിന്നുള്ളവർ ഒഴുകിയെത്തി. കറുത്ത വംശജരും ഹിസ്പാനിക് കുടുംബങ്ങളും ഹ്യൂസ്റ്റൺ പോലീസ് സേനയിൽ നിന്ന് ഉന്നത ഉദ്യോഗസ്ഥരും മനോജിന് പിന്തുണയുമായി എത്തിയിരുന്നു.
മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് മുഖ്യാതിഥിയായിരുന്നു. ഫോട്ബെൻഡ് ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് സിന്ത്യ ഗി ൻയാർഡ്, ക്യാമ്പയിൻ ചീഫ് ഫെലീഷ്യ ജോൺസൻ, ജി കെ പിള്ള, അനിൽ ആറന്മുള, പൊന്നു പിള്ള, തോമസ് ചെറുകര, മുൻ ഹാരിസ് കൗണ്ടി സർജന്റ് ഫെർണാണ്ടോ പാലമോറീസ്, എച് പി ഡി ഓഫീസർ ക്ലിഫ് മെയ്‌സ്, ഹാരിസ് കൗണ്ടി കോൺസ്റ്റബിൾ ജോസിലിൻ ജോർജ് എന്നിവരും സംസാരിച്ചു.
മനോജിന്റെ എതിരാളിയും ഇപ്പോഴത്തെ കോൺസ്റ്റബിളുമായ പാക്കിസ്ഥാൻ സ്വദേശി നബീൽ ഷെയ്ഖ് ആരോപണങ്ങളുടെ മുൾ മുനയിലാണ് എന്നത് അദ്ദേഹത്തിന് അനുകൂല ഘടകമാണ്.
സ്വന്തം ഭാര്യയെ മർദിച്ചതിനു ഒന്നിലധികം തവണ അയാൾക്കെതിരെ കേസ് എടുത്തിട്ടുള്ളതായി വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ പോലീസ് ബാഡ്ജ് ദുരുപയോഗം ചെയ്യാൻ ക്രിമിനലുകളെ അനുവദിച്ചതായി അദ്ദേഹത്തിനെതിരെ അന്വേഷണം നടന്നുവരികയാണ്.