ഗാസ: പലസ്തീനില്‍ പോളിയോ വാക്‌സിന്‍ കൃത്യമായി നല്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കുഞ്ഞുങ്ങള്‍ക്ക് ഭാഗീകമായി തളര്‍ച്ച ഉണ്ടായ സാഹചര്യത്തില്‍ പോളിയോ വാക്‌സിനേഷന്‍ യജ്ഞത്തിന് ആരോഗ്യപ്രവര്‍ത്തകര്‍ തീവ്രശ്രമം നടത്തുന്നതിനിടെ മധ്യ, ദക്ഷിണ ഗാസയില്‍ ഇസ്രയേല്‍ സേന നടത്തിയ കനത്ത ആക്രമണങ്ങളില്‍ 49 പേര്‍ കൊല്ലപ്പെട്ടു.
പോളിയോ വാക്‌സീന്‍ നല്‍കുന്നതിനായി ദിവസവും എട്ടു മണിക്കൂര്‍ വെടിനിര്‍ത്തലിന് തയാറാണെന്ന് ഹമാസും ഇസ്രയേലും അറിയിച്ചതിനെത്തുടര്‍ന്നാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ വാക്സിനേഷന്‍ നടപ്പാക്കുന്നത്. കഴിഞ്ഞയാഴ്ച ഗാസയില്‍ ഒരു കുട്ടി പോളിയോ ബാധ മൂലം ഭാഗികമായി തളര്‍ന്നതു കണ്ടെത്തിയിരുന്നു.
ഖാന്‍ യൂനിസ്, നുസിറിയേത്ത്, റഫാ എന്നിവിടങ്ങളിലാണ് ശക്തമായ ആക്രമണം നടന്നത്. നുസിറിയേത്തില്‍ ഒരു കുടുംബത്തിലെ ഒന്‍പതു പേര്‍ ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടു. ടെന്റ് ലൈഫ് എന്ന പേരില്‍ ടിക്ടോക്‌സ് വിഡിയോ ഷോയിലൂടെ പ്രസിദ്ധനായ 19കാരന്‍ മെഡോ ഹലീമി ആക്രമണത്തില്‍ കൊല്ലപ്പെട്ടു.