ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഈയാഴ്ച മോസ്‌കോയിലേക്ക് പോകുമെന്നും റഷ്യ-യുക്രൈൻ സംഘർഷം പരിഹരിക്കാൻ ചർച്ചകൾ നടത്തുമെന്നും വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയും ഉക്രെയ്‌നും സന്ദർശിച്ച് ഇരുരാജ്യങ്ങളുടെയും നേതാക്കളായ വ്‌ളാഡിമിർ പുടിൻ, വ്ളാഡിമിർ സെലെൻസ്‌കി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണിത്.
ഉക്രെയ്ൻ സന്ദർശനത്തിനും പ്രസിഡൻ്റ് സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കും തൊട്ടുപിന്നാലെ പ്രധാനമന്ത്രി ആഗസ്‌റ്റ് 27-ന് പ്രസിഡൻ്റ് പുടിനുമായി ഫോണിൽ സംസാരിച്ചു. തൻ്റെ സമീപകാല കീവ് സന്ദർശനത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി പ്രസിഡൻ്റ് പുടിനെ ഫോണിൽ അറിയിച്ചതായി റഷ്യൻ എംബസി പ്രസ്താവനയിൽ പറഞ്ഞു. രാഷ്ട്രീയവും നയതന്ത്രപരവുമായ മാർഗങ്ങളിലൂടെ യുക്രെയ്നിൽ ഒരു ഒത്തുതീർപ്പ് കൊണ്ടുവരാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അറിയിക്കുകയും ചെയ്തു.
പുടിനുമായുള്ള സംഭാഷണത്തിൽ, ഇന്ത്യന്‍ ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലിനെ യുക്രൈന്‍ – റഷ്യയ്ക്കിടയിലെ സമാധാന പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ മോസ്‌കോയിലേക്ക് അയക്കുന്ന കാര്യം സൂചിപ്പിച്ചിരുന്നതായാണ് വിവരം.
റഷ്യ – യുക്രൈന്‍ സന്ദര്‍ശനത്തിന് പിന്നാലെ യു.എസ്. പ്രസിഡന്റ് ജോ ബൈഡനുമായി യുക്രൈനില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഫോണ്‍ വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച ചെയ്തിരുന്നു.