തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത്കുമാര്‍ ആര്‍എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് അടക്കം എഡിജിപിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ ഘടകക്ഷികള്‍ക്ക് കടുത്ത അതൃപ്തി നിലനില്‍ക്കെ എല്‍ഡിഎഫ് യോഗം ബുധനാഴ്ച്ച തിരുവനന്തപുരത്ത് ചേരും. . മൂന്ന് മണിക്ക് എകെജി സെന്ററിലാണ് യോഗം.
അജിത്കുമാറിനെ മാറ്റണമെന്ന നിലപാടിലാണ് സിപിഐ ഉള്‍പ്പെടെയുള്ള കക്ഷികള്‍. മലപ്പുറത്ത് അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ കണക്കിലെടുത്ത് ജില്ലയിലെ എസ്പിയേയും ഡിവൈഎസ്പിമാരെയും സ്ഥലം മാറ്റിയിരുന്നു. ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ പരിശോധനക്ക് ശേഷം സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചേക്കും.
അജിത്കുമാറിനോട് മുഖ്യമന്ത്രി മൃദുസമീപനം തുടരുന്നതില്‍ സിപിഎം നേതൃത്വത്തിലും വിയോജിപ്പുകളുണ്ടെന്ന സൂചന നിലനില്ക്കുന്നുണ്ട്. ഇപി ജയരാജനെ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റുകയും ടിപി രാമകൃഷ്ണനെ ഇടതുമുന്നണി കണ്‍വീനറാക്കുകയും ചെയ്ത ശേഷമുള്ള അദ്യ യോഗമെന്ന പ്രത്യേകതയും ഇന്നത്തെ മുന്നണി യോഗത്തിന് ഉണ്ട്.