Thursday, September 19, 2024

HomeMain Storyഅപ്പോഫിസ് ഛിന്നഗ്രഹത്തെ നിരീക്ഷിക്കാൻ ഐഎസ്ആർഒ; ആഗോളശ്രമങ്ങളിൽ പങ്കാളിയാവും

അപ്പോഫിസ് ഛിന്നഗ്രഹത്തെ നിരീക്ഷിക്കാൻ ഐഎസ്ആർഒ; ആഗോളശ്രമങ്ങളിൽ പങ്കാളിയാവും

spot_img
spot_img

ബെംഗളൂരു: ഭൂമിക്ക് കനത്ത നാശം ഉണ്ടാക്കുമെന്ന് പ്രവചിക്കപെടുന്ന 99942 അപ്പോഫിസ് എന്ന ഛിന്നഗ്രഹത്തെ നിരീക്ഷിക്കാനുള്ള ആഗോള ശ്രമങ്ങളിൽ പങ്കാളിയായി ഐഎസ്ആർഒയും. നെറ്റ്‌വർക്ക് ഫോർ സ്‌പേസ് ഒബ്‌ജക്റ്റ്സ് ട്രാക്കിങ്‌ ആൻഡ് അനാലിസിസ് (നെട്രാ) സൗകര്യം ഉപയോഗിച്ചാണ് ഐഎസ്ആർഒ ഛിന്നഗ്രഹത്തെ നിരീക്ഷിക്കുന്ന പരിപാടിയുടെ ഭാഗമാവുക. ശക്തമായ റഡാറും ഒപ്റ്റിക്കൽ ടെലിസ്കോപ്പുകളും ഘടിപ്പിച്ച ഐഎസ്ആർഒയുടെ നെട്രാ ഛിന്നഗ്രഹത്തെ മനസ്സിലാക്കുന്നതിൽ നിർണായക പങ്ക് വഹിക്കും.

‘ഗോഡ് ഓഫ് കയോസ്’ എന്ന നാസ വിളിപ്പേര് നൽകിയ ഛിന്നഗ്രഹം 2029 ഏപ്രില്‍ 13ന് ഭൂമിക്ക് വളരെ അടുത്തുകൂടെ കടന്നുപോകുമെന്നാണ് ശാസ്ത്രലോകം നല്‍കുന്ന മുന്നറിയിപ്പ്. പുരാതന ഈജിപ്ഷ്യൻ അരാജകത്വത്തിൻ്റെ ദേവതയുടെ പേരാണ് ‘ഗോഡ് ഓഫ് കയോസ്’.

2029 ന് ശേഷം 2036 ലും ഛിന്നഗ്രഹം ഭൂമിക്ക് തൊട്ടടുത്തെത്തും. ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചാൽ മനുഷ്യനടക്കമുള്ള ജീവജാലവർഗങ്ങളുടെ വംശനാശത്തിന് കാരണമാകാമെന്നാണ് ഐഎസ്ആർഒ ചെയർമാൻ നേരത്തെ പറഞ്ഞത്. 72 ശതമാനമാണ് ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത. കൂട്ടിയിടിച്ചാൽ ഭൂമിയില്‍ മനുഷ്യവംശം തന്നെ ഇല്ലാതാകുമെന്നും ഐഎസ്ആർഒ ചെയർമാൻ നേരത്തെ പറഞ്ഞിട്ടുണ്ട്.

2004-ൽ ആണ് ഛിന്നഗ്രഹം ആദ്യമായി കണ്ടെത്തിയത്. ആഘാത സാധ്യത മൂലം തുടക്കം മുതൽ തന്നെ ഛിന്നഗ്രഹം വളരെയധികം ആശങ്കകൾക്കിടയാക്കിയിരുന്നു. 2029 ഏപ്രിൽ 13-ന് അപ്പോഫിസ്, ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് വെറും 32,000 കിലോമീറ്ററിനുള്ളിൽ കടന്നുപോകും. ഭൂമിയിലെ പല ഭൂസ്ഥിര ഉപഗ്രഹങ്ങളേക്കാളും അടുത്തായിരിക്കും ഇത്.

എന്നാൽ 2029 ൽ ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയില്ലെന്നാണ് പല വിദഗ്‌ധരും ചൂണ്ടിക്കാട്ടുന്നത്. അടുത്ത നൂറ്റാണ്ടിലും കൂട്ടിയിടി സാധ്യത ഇല്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, ഭാവിയില്‍ ഭൂമിയില്‍ കൂടുതല്‍ ഛിന്നഗ്രഹങ്ങള്‍ പതിച്ചേക്കുമെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. അതിനാൽ 2029-ൽ ഛിന്നഗ്രഹം ഭൂമിക്കടുത്തു കൂടി പോകുന്നത് വലിയ താല്പര്യത്തോടെയാണ് ശാസ്ത്രീയ വിദഗ്ദർ നിരീക്ഷിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments