വാഷിംങ്ടൺ: കമലാ ഹാരിസിന്റെ ഇന്ത്യൻ പൈതൃകത്തെ അപഹസിച്ച് യു.എസ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന്റെ കൂട്ടാളിയും മുൻ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ലോറ ലൂമർ. കമല പ്രസിഡന്‍റായാൽ വൈറ്റ് ഹൗസിൽ ‘കറി മണക്കുമെന്നാ’യിരുന്നു ഇവരുടെ പരിഹാസം.
‘നവംബർ 5ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്‍റ് വിജയിക്കുകയാണെങ്കിൽ വൈറ്റ് ഹൗസ് കറി മണക്കും. വൈറ്റ് ഹൗസ് പ്രസംഗങ്ങൾ ഒരു കോൾ സെന്‍റർ വഴിയാക്കും. കോളിന്റെ അവസാനം ആർക്കും ഒന്നും മനസ്സിലാവില്ല. അമേരിക്കൻ ജനതക്ക് അവരുടെ അഭിപ്രായങ്ങൾ ഉപഭോക്തൃ സർവേയിലൂടെ മാത്രമേ അറിയിക്കാൻ കഴിയൂവെന്നുമായിരുന്നു ലൂമർ ‘എക്സി’ൽ കുറിച്ചത്. ‘നാഷണൽ ഗ്രാന്‍റ് പാരന്‍റ് ദിനത്തിൽ’ കമലാ ഹാരിസ് പോസ്‌റ്റ് ചെയ്‌ത അടിക്കുറിപ്പോടെയുള്ള ഫോട്ടോയുടെ താഴെ കമന്‍റായാണ് ലൂമർ ഇങ്ങനെ എഴുതിയത്. വലതുപക്ഷ ഗൂഢാലോചന സൈദ്ധാന്തികയായാണ് 31കാരിയായ ലൂമർ അറിയപ്പെടുന്നത്.
ഹാരിസിനെതിരായ പോസ്റ്റിനു ശേഷം ലോറ ലൂമറുമായുള്ള ട്രംപിന്റെ ബന്ധത്തെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി അപലപിച്ചു. അതിനെ അപകടകരമെന്നും വിശേഷിപ്പിച്ച അവർ ഇത് വംശീയ വിഷമാണെന്നും ഇത്തരത്തിലുള്ള മ്ലേച്ഛത പ്രചരിപ്പിക്കുന്ന ഒരാളുമായി ഒരു നേതാവും ഒരിക്കലും കൂട്ടുകൂടരുതെന്നും പറഞ്ഞു. പ്രസ്താവനക്കെതിരെ വിർശനവുമായി ട്രംപ് അനുകൂലികളും രംഗത്തെത്തി. ഇത് പ്രസിഡന്‍റ് ട്രംപിനെ പ്രതിനിധീകരിക്കുന്നില്ലെന്നും ഇത്തരത്തിലുള്ള പെരുമാറ്റം ഒരിക്കലും വെച്ചുപൊറുപ്പിക്കരുതെന്നും ജോർജിയ പ്രതിനിധി മാർജോറി ടെയ്‌ലർ ഗ്രീൻ പ്രതികരിച്ചു.
ഹാരിസിന്റെ അമ്മ ശ്യാമള ഗോപാലൻ 19ാം വയസ്സിൽ ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് കുടിയേറിയതാണ്. പിതാവ് ഡൊണാൾഡ്. ജെ ഹാരിസ് ജമൈക്കക്കയിൽ നിന്നുള്ളയാളാണ്.