ലണ്ടന്‍ : ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ജീവിച്ച പൂച്ച ‘റോസി’ ഓര്‍മ്മയായി. 33 വര്‍ഷമാണ് റോസി ജീവിച്ചത്.യു.കെയിലെ നോര്‍വിച്ചില്‍ ഉടമയുടെ വീട്ടില്‍ വെച്ചായിരുന്നു റോസിയുടെ അന്ത്യം. 1991ലാണ് റോസി ജനിച്ചത്. ഇക്കഴിഞ്ഞ ജൂണില്‍ 33 വയസ് തികഞ്ഞു. ഒരു പൂച്ച 33 വര്‍ഷം ജീവിക്കുക എന്നു പറഞ്ഞാല്‍ മനുഷ്യന്‍ 152 വയസു വരെ ജീവിക്കുന്നതിന് തുല്യമാണെന്നാണ് ജന്തുശാസ്ത്രജ്ഞരുടെ അഭിപ്രായം..
വീട്ടുടമസ്ഥയായ ലൈല എടുത്തു വളര്‍ത്തിയതാണ് റോസിയെ. അവസാന കാലത്ത് ജനാലക്കരികിലായിരുന്നു റോസിയുടെ ഉറക്കമെന്ന് ലൈല ഓര്‍ക്കുന്നു. രണ്ടുതവണ റോസിയുടെ ജീവന്‍ രക്ഷിക്കാന്‍ ലൈലക്ക് സാധിച്ചു. ഒരിക്കല്‍ ഒരു പട്ടിയായിരുന്നു ആക്രമിക്കാന്‍ ശ്രമിച്ചത്. മറ്റൊരിക്കല്‍ വേറൊരു പൂച്ചയും. ശാന്തസ്വഭാവക്കാരിയായിരുന്നു റോസി. ഒരു ചെറിയ ട്രേറ്റില്‍ അവള്‍ക്കായി വീട്ടുകാര്‍ ഭക്ഷണം ഒരുക്കി വെക്കും. ദിവസത്തില്‍ പലതവണയായി റോസി ഉറങ്ങുമായിരുന്നുവെന്നും ലൈല പറയുന്നു.