മലപ്പുറം: പെരിന്തൽമണ്ണയിൽ നിപ്പ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 175 പേർ. ആരോഗ്യ വകുപ്പ് തയാറാക്കിയ സമ്പർക്ക പട്ടികയിൽ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്.
പ്രൈമറി പട്ടികയിലുള്ള 104 പേരാണ് ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളതെന്നും സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. നിലവില്‍ 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രണ്ട് തവണയാണ് നിപ്പ അവലോകന യോഗം ചേര്‍ന്നത്. നിപ്പ ജാഗ്രതയെ തുടര്‍ന്ന് മലപ്പുറം സര്‍ക്കാര്‍ അതിഥിമന്ദിര കോംപൗണ്ടില്‍ കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു. മരിച്ച 24 വയസ്സുകാരന്റെ യാത്രാ വിവരങ്ങളും സമയവും അടങ്ങിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ റൂട്ട് മാപ്പ് പരിശോധിച്ച ശേഷം സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവര്‍ കണ്‍ട്രോള്‍ സെല്ലില്‍ ബന്ധപ്പെടണം.