Friday, September 20, 2024

HomeMain Storyനെതന്യാഹുവിനെ വധിക്കാന്‍ ഇറാന്റെ പിന്തുണയോടെ ഗൂഢാലോചന; ഇസ്രയേലി പൗരന്‍ അറസ്റ്റില്‍

നെതന്യാഹുവിനെ വധിക്കാന്‍ ഇറാന്റെ പിന്തുണയോടെ ഗൂഢാലോചന; ഇസ്രയേലി പൗരന്‍ അറസ്റ്റില്‍

spot_img
spot_img

ടെല്‍ അവീവ്: പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള ഉന്നതരെ വധിക്കാന്‍ ഇറാന്റെ പിന്തുണയോടെ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന ഇസ്രയേലി പൗരന്‍ അറസ്റ്റില്‍. തുര്‍ക്കിയുമായി ബന്ധമുള്ള വ്യവസായിയെയാണ് ഇസ്രയേലി സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ആഭ്യന്തര ഇന്റലിജന്‍സ് ഏജന്‍സിയായ ഷിന്‍ ബെത്തിന്റെ മേധാവി എന്നിവരെ വധിക്കുന്നതിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യാനായി ഇറാനില്‍ നടന്ന രണ്ട് യോഗങ്ങളില്‍ ഇയാള്‍ പങ്കെടുത്തുവെന്നാണ് അധികൃതര്‍ പറയുന്നത്.

കഴിഞ്ഞ മാസമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഷിന്‍ ബെത്തും ഇസ്രയേലി പോലീസും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. രണ്ട് തവണയും അതീവ രഹസ്യമായാണ് ഇയാള്‍ ഇറാനിലേക്ക് പോയത്. ദൗത്യം നടപ്പാക്കാനായി ഇറാന്റെ പക്കല്‍നിന്ന് ഇയാള്‍ പണം കൈപ്പറ്റിയെന്നും പ്രസ്താവനയില്‍ പറയുന്നു.

ദക്ഷിണ ഇസ്രയേലിലെ നഗരമായ അഷ്‌കലോണില്‍ നിന്നുള്ള മോതി മാമന്‍ എന്ന 73-കാരനാണ് അറസ്റ്റിലായത്. ഒരുപാട് കാലം തുര്‍ക്കിയില്‍ താമസിച്ചിരുന്ന ഇയാള്‍ക്ക് അവിടെയുള്ള തുര്‍ക്കിഷ്, ഇറാനിയന്‍ പൗരന്മാരുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്.

ഈ വര്‍ഷം ഏപ്രിലില്‍ മോതി മാമന്‍ രണ്ട് തുര്‍ക്കിഷ് പൗരന്മാരുടെ ഇടനിലയില്‍ ഇറാനില്‍ താമസിക്കുന്ന കോടീശ്വരനായ എഡ്ഡിയുമായി കൂടിക്കാഴ്ചയ്ക്ക് സമ്മതം മൂളി. ഇയാളുടെ പ്രതിനിധികളായ രണ്ടുപേരുമായാണ് മാമന്‍ കൂടിക്കാഴ്ച നടത്തിയത്. തുര്‍ക്കിയിലെ സിറിയന്‍ അതിര്‍ത്തിക്ക് സമീപമുള്ള നഗരമായ സമന്‍ദാഗിലായിരുന്നു കൂടിക്കാഴ്ച. ഇവിടെ വെച്ച് ഇയാള്‍ എഡ്ഡിയുമായി ഫോണില്‍ സംസാരിച്ചുവെന്നും ഇസ്രയേലി പോലീസ് പറഞ്ഞു. മേയ് മാസത്തില്‍ സമന്‍ദാഗില്‍ വീണ്ടും കൂടിക്കാഴ്ച നടന്നു.

എഡ്ഡിക്ക് ഇറാനില്‍നിന്ന് പുറത്തുവരാന്‍ കഴിയാത്തതിനാല്‍ മോതി മാമനെ കിഴക്കന്‍ തുര്‍ക്കിയിലെ അതിര്‍ത്തി വഴി രഹസ്യമായി ഇറാനിലെത്തിച്ചുവെന്നും ഇറാനില്‍ വെച്ച് മാമന്‍ എഡ്ഡിയുമായും ഇറാന്‍ സുരക്ഷാ സേനയിലെ അംഗമെന്ന് പരിചയപ്പെടുത്തിയ ഖ്വജ എന്നയാളുമായും കൂടിക്കാഴ്ച നടത്തി. എഡ്ഡിയുടെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഓഗസ്റ്റില്‍ വീണ്ടും മാമന്‍ ഇറാനിലെത്തി എഡ്ഡിയുള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയിലാണ് നെതന്യാഹു ഉള്‍പ്പെടെയുള്ളവരെ വധിക്കാനുള്ള ഗൂഢാലോചന നടന്നത്. ഇതിനുശേഷം ഇസ്രയേലിലെത്തിയപ്പോഴാണ് മോതി മാമന്‍ അറസ്റ്റിലാകുന്നതെന്നും ഷിന്‍ ബെത് പ്രസ്താവനയില്‍ പറഞ്ഞു.

ലെബനനിലെ ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് അറസ്റ്റ് വാര്‍ത്ത പുറത്തുവരുന്നത്. ഹിസ്ബുള്ള അംഗങ്ങള്‍ ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്ന പേജറുകള്‍ പൊട്ടിത്തെറിച്ച് പത്തിലേറെ പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇതെന്നതും ശ്രദ്ധേയമാണ്.ഇസ്രയേലി പ്രതിരോധസേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന മോഷെ യാലോന്‍ ഉള്‍പ്പെടെ പ്രതിരോധ മേഖലയില്‍ ഉന്നത സ്ഥാനങ്ങളിലുണ്ടായിരുന്നവരെ വധിക്കാന്‍ ഹിസ്ബുള്ള പദ്ധതിയിടുന്നതായി കഴിഞ്ഞയാഴ്ച ഇസ്രയേല്‍ ആരോപിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments