തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ ചലച്ചിത്രതാരം കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അനുശോചിച്ചു.
മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ആ സുദീര്‍ഘമായ കലാജീവിതം സിനിമയില്‍ മാത്രം ഒതുങ്ങിയിരുന്നില്ല. നാടകത്തിലും ടെലിവിഷനിലുമെല്ലാം ശ്രദ്ധേയമായ സംഭാവനകള്‍ അവര്‍ അര്‍പ്പിച്ചു.
കവിയൂര്‍ പൊന്നമ്മയുടെ കലാജീവിതം തളിരിട്ടതും വളര്‍ന്നതും കേരളത്തിന്റെ പുരോഗമന സാംസ്‌കാരിക മുന്നേറ്റത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ച കെപിഎസി-യിലാണ്. തുടര്‍ന്ന് മറ്റു പല പ്രധാന നാടകസമിതികളിലും പ്രവര്‍ത്തിച്ച അവര്‍ മൂലധനം, പുതിയ ആകാശം പുതിയ ഭൂമി തുടങ്ങിയ അക്കാലത്തെ ജനപ്രിയ നാടകങ്ങളില്‍ അവിസ്മരണീയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
തുടര്‍ന്ന് അവര്‍ വളരെ പെട്ടെന്നു തന്നെ മലയാള സിനിമയുടെ അവിഭാജ്യഘടകമായി. പ്രഗത്ഭരായ സംവിധായകരുടെ സിനിമകളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ അവര്‍ തിളങ്ങി. തന്മയത്വത്തോടെ അവതരിപ്പിച്ച അമ്മവേഷങ്ങള്‍ മലയാളികളില്‍ അവരോടുള്ള ആത്മബന്ധം സുദൃഢമാക്കി. നാലു തവണയാണ് മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കവിയൂര്‍ പൊന്നമ്മയ്ക്ക് ലഭിച്ചത്. അവരുടെ അഭിനയ മികവിന് അടിവരയിടുന്ന നേട്ടമാണിത്.
മലയാള സിനിമയുടെയും നാടകലോകത്തിന്റേയും ചരിത്രത്തില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. തന്റെ കഥാപാത്രങ്ങളിലൂടെ അവര്‍ മലയാളികളുടെ മനസ്സില്‍ മായാതെ നില്‍ക്കും. കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കു ചേരുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം:
സിനിമയില്‍ മാത്രമല്ല, മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മയെന്ന് പ്രതിപക്ഷ നേതാവ് അനുശോചിച്ചു
വാത്സല്യം നിറയുന്ന ചിരിയും ശബ്ദവുമെല്ലാം സിനിമയില്‍ മാത്രമല്ല, മലയാളികളുടെ മനസിലും കവിയൂര്‍ പൊന്നമ്മയ്ക്ക് അമ്മ പരിവേഷം നല്‍കി. സ്വന്തം അമ്മയുടെ സ്ഥാനമാണ് മലയാളി പ്രേക്ഷകര്‍ ആ കലാകാരിക്ക് നല്‍കിയത്.
പ്രേം നസീറും സത്യനും മധുവും ഉള്‍പ്പെടെയുള്ള ആദ്യകാല താരങ്ങളുടെ അമ്മയായി സ്‌ക്രീനിലെത്തിയ കവിയൂര്‍ പൊന്നമ്മ വ്യത്യസ്ത കഥാപാത്രങ്ങളായി പുതുതലമുറയിലെ താരങ്ങള്‍ക്കൊപ്പവും സിനിമയില്‍ നിറഞ്ഞു നിന്നു. ആറര പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തില്‍ ഓരോ കഥാപാത്രങ്ങളെയും വ്യത്യസ്തമാക്കുന്ന അഭിനയ ശൈലിയായിരുന്നു കവിയൂര്‍ പൊന്നമ്മയുടേത്. അമ്മ എന്നാല്‍ കവിയൂര്‍ പൊന്നമ്മ എന്ന നിലയിലേക്ക് പ്രേക്ഷകരെ പോലും ചിന്തിപ്പിച്ച അതുല്യ കലാകാരിയായിരുന്നു അവര്‍.
കവിയൂര്‍ പൊന്നമ്മയുടെ വിയോഗ വാര്‍ത്ത കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ട വേദനയാണ് എല്ലാവരിലും ഉണ്ടാക്കുന്നത്. ദുഃഖത്തില്‍ പങ്കുചേരുന്നതായും പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.
മന്ത്രിമാരായ ടൂറിസം മന്ത്രി മുഹമ്മദ് റിയാസും രജിസ്‌ട്രേഷന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും അനുശോചിച്ചു.