ലെബനന്‍: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ലയുടെ ടോപ് കമാന്‍ഡര്‍ അഹമ്മദ് വഹ്ബി കൊല്ലപ്പെട്ടു. ബെയ്‌റൂട്ടിനുസമീപത്തായി ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് അഹമ്മദ് വഹ്ബി കൊല്ലപ്പെട്ടെന്ന് ഹിസ്ബുല്ല അറിയിച്ചു. റദ്വാന്‍ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ഓപ്പറേഷനുകള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നയാളാണ് അഹമ്മദ് വഹ്ബി. കഴിഞ്ഞ ദിവസം ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ റദ്വാന്‍ യൂണിറ്റിന്റെ തലവനായ ഇബ്രാഹിം അക്വിലും കൊല്ലപ്പെട്ടിരുന്നു.
1983ല്‍ ബെയ്‌റൂട്ടിലെ അമേരിക്കന്‍ എംബസിയ്ക്ക് നേരെയുണ്ടായ ബോംബാക്രമണത്തില്‍ 63 പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ ഇബ്രാഹിം അക്വിലാണെന്ന് അമേരിക്ക കണ്ടെത്തിയിരുന്നു. അക്വിലിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അമേരിക്ക ഏഴു മില്യണ്‍ ഡോളര്‍ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. അതേസമയം, ബെയ്‌റൂട്ടിലെ ഇസ്രായേലിന്റെ ആക്രമണത്തെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കന്‍ പൗരന്‍മാര്‍ ലെബനനിലേയ്ക്ക് യാത്ര ചെയ്യരുതെന്നും ലെബനനിലുള്ള അമേരിക്കക്കാര്‍ എത്രയും പെട്ടെന്ന് അവിടം വിട്ടൊഴിയണമെന്നും ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു.
ഇബ്രാഹിം അക്വിലിന് പിന്നാലെ അഹമ്മദ് വഹ്ബി കൂടി കൊല്ലപ്പെട്ടത് ഹിസ്ബുല്ലയ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്.