കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അനുര കുമാര ദിസനായകെക്ക് വിജയം. ശ്രീലങ്കയുടെ ഒമ്പതാം പ്രസിഡന്റാണ് മാർക്സിസ്റ്റ് നേതാവായ അനുര കുമാര. ശ്രീലങ്കയുടെ ചരിത്രത്തിൽ ആദ്യമായി അധികാരത്തിലെത്തുന്ന മാർക്സിസ്റ്റ് നേതാവുകൂടിയാണ് ഇദ്ദേഹം. ഇടതുപക്ഷ പാർട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് ദിസനായകെ. തിങ്കളാഴ്ച പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും.
പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിയും 50% വോട്ടുകൾ നേടിയിരുന്നില്ല. എന്നാൽ ശ്രീലങ്കയിലെ നിയമം അനുസരിച്ച് ആർക്കും 50% വോട്ട് നേടാനായില്ലെങ്കിൽ സെക്കൻഡ് പ്രിഫറൻസ് വോട്ടുകൾ എണ്ണേണ്ടതുണ്ട്. അങ്ങനെ നടത്തിയ വോട്ടെണ്ണലിലാണ് വിജയം കുമാരക്കൊപ്പം നിന്നത്. രണ്ടാം സ്ഥാനത്ത് പ്രതിപക്ഷ നേതാവുകൂടിയായ സജിത് പ്രേംദാസാണ്. താൽക്കാലിക പ്രസിഡന്റ് റനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആർക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ സെക്കൻഡ് പ്രിഫറൻസ് വോട്ടുകൾ എണ്ണുന്നതും ശ്രീലങ്കയുടെ ചരിത്രത്തിൽ ആദ്യമായാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ദിസനായകെ ലീഡ് നിലനിര്‍ത്തിയിരുന്നു.