ന്യൂയോര്‍ക്ക്: മനുഷ്യരാശിയുടെ വിജയം നേടേണ്ടത് യുദ്ധത്തിലൂടെയല്ല മറിച്ച് കൂട്ടായ്മയിലൂടെയാണെന്നു പ്രധാനമന്ത്രി നരേന്ദ മോദി. യു.എന്‍ പൊതുസഭയിലെ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇത്തരത്തില്‍ പരാമര്‍ശിച്ചത്. ലോക സമാധാനമാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള സമാധാനത്തിനും വികസനത്തിനും ലോക സംഘടനകളിലെ പരിഷ്‌കാരങ്ങള്‍ പ്രധാനമാണെന്നും പരിഷ്‌കരണമാണ് പ്രസക്തിയുടെ താക്കോലെന്നും യു.എന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് മോദി പറഞ്ഞു.
വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ചും മോദി സംസാരിച്ചു. ഭീകരവാദം ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതര ഭീഷണിയായി തുടരുമ്പോള്‍, മറുവശത്ത് സൈബര്‍, ബഹിരാകാശ മേഖലകള്‍ സംഘര്‍ഷത്തിന്റെ പുതിയ വേദികളായി ഉയര്‍ന്നുവരുന്നു. സാങ്കേതികവിദ്യയുടെ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഉപയോഗത്തിന് സന്തുലിത നിയന്ത്രണം ആവശ്യമാണ്. ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ (ഡി.പി.ഐ) ഒരു പാലമാകണം, തടസമാകരുത്’. ആഗോള നന്മക്കായി, ഇന്ത്യ ഡി.പി.ഐ പങ്കിടാന്‍ തയാറാണ്. ഇന്ത്യയെ സംബന്ധിച്ച് ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്നത് പ്രതിബദ്ധതയാണെന്നും മോദി പറഞ്ഞു.
ത്രിദിന സന്ദര്‍ശനത്തിനായി യു.എസില്‍ എത്തിയ പ്രധാനമന്ത്രി, യുക്രെയ്ന്‍ സന്ദര്‍ശനത്തെ കുറിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ച നടത്തിയിരുന്നു. മോദിയുടെ യുക്രെയ്ന്‍ സന്ദര്‍ശനത്തെയും സമാധാന സന്ദേശത്തെയും ബൈഡന്‍ അഭിനന്ദിച്ചതായി യോഗത്തിന് ശേഷം പുറത്തിറക്കിയ സംയുക്ത വാര്‍ത്താകുറിപ്പില്‍ പറയുന്നു.