തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടേയും സ്വത്ത് വിവരം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊതു താത്പര്യ ഹര്‍ജി. ഹര്‍ജിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് തിരുവനന്തപുരം കോടതി നിര്‍ദേശം നല്‍കി. സമാനമായ പരാതി വിജിലിന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ചിട്ടുണ്ടോ, അന്വേഷിച്ചിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടുത്ത മാസം 1 ന് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. നെയ്യാറ്റിന്‍കര നാഗരാജനാണ് പരാതിക്കാരന്.
അന്വേഷണങ്ങള്‍ പ്രഖ്യാപിക്കുമ്പോഴും എഡിജിപി എംആര്‍ അജിത് കുമാറിന് മുഖ്യമന്ത്രി സംരക്ഷണം നല്കുന്നെന്ന ആക്ഷേപം വ്യാപകമാണ്. എഡിജിപിയെ മാറ്റാത്തതില്‍ സിപിഐ അടക്കമുള്ള ഘടക കക്ഷികള്‍ക്കുള്ള കടുത്ത അതൃപ്തി തള്ളിയാണ് മുഖ്യമന്ത്രിയുടെ പിന്തുണ .. പിണറായിയുടെ ഇടനിലക്കാരനായതാണ് പിന്തുണക്ക് കാരണമെന്ന പ്രതിപക്ഷവാദം മാത്രമല്ല മുഖ്യമന്ത്രി തള്ളുന്നത്. എല്‍ഡിഎഫ് യോഗത്തിലും പിന്നെ കാബിനറ്റില്‍ വരെയും കടുപ്പിച്ച സിപിഐയെയും മറ്റ് കക്ഷികളെയും പരിഗണിക്കുന്നത് പോലുമില്ല. ആര്‍എസ്എസ് കൂടിക്കാഴ്ചക്കൊപ്പം പൂരം കലക്കലിലും വലിയ രോഷത്തിലാണ് സിപിഐ. പിവി അന്‍വറിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും അന്വേഷണമില്ല.