ഗസ്സ: ഒരു ഫലസ്തീനിയും ഗസ്സ വിടില്ലെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. യു.എൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിലാണ് അബ്ബാസ് ഇക്കാര്യം പറഞ്ഞത്.
ഫലസ്തീൻ ഞങ്ങളുടെ മാതൃരാജ്യമാണ്. ഞങ്ങളുടെ പിതാക്കൻമാരുടേയും അവരുടെ പിതാക്കൻമാരുടേയുമാണ് ഫലസ്തീൻ. അത് ഞങ്ങളുടേതായി തന്നെ തുടരും. ആരെങ്കിലും രാജ്യം വിട്ടാൽ അധിനിവേശ കൊള്ളക്കാരായിരിക്കും അവിടേക്ക് എത്തുക. ഈ ഭ്രാന്ത് ഇനിയും തുടരാനാവില്ല. ഞങ്ങളുടെ ജനങ്ങൾക്ക് സംഭവിക്കുന്നതിന് ലോകം മുഴുവൻ ഉത്തരവാദിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഗസ്സയിൽ അഭയാർഥികൾ താമസിച്ചിരുന്ന സ്കൂളിന് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം ഉണ്ടായി. ജബലിയയിലെ സ്കൂളിന് നേരെയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. 15 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
മരിച്ചവരിൽ കൂടുതൽ പേരും സ്ത്രീകളും കുട്ടികളുമാണെന്നാണ് മെഡിക്കൽ സംഘം നൽകുന്ന വിവരം. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു. ഇതിൽ പലരുടേയും ആരോഗ്യനില ഗുരുതരമാണ്. ജബാലിയ അഭയാർഥി ക്യാമ്പിന്റെ ഭാഗമായ അൽ-ഫാലൗജ സ്കൂളിന് നേരെയാണ് ആക്രമണമുണ്ടായത്.