ന്യൂഡല്‍ഹി: ലോകനേതാക്കളുടെയും ബിസിനസ് പ്രമുഖരുടെയും രഹസ്യസമ്പാദ്യ വിവരങ്ങള്‍ അടങ്ങിയ ‘പാന്‍ഡോറ രേഖ’കളില്‍ കൂടുതല്‍ ഇന്ത്യക്കാരുടെ പേരുകള്‍ പുറത്തുവന്നു.
മിലിട്ടറി ഇന്റലിജന്‍സ് വിഭാഗം മുന്‍ മേധാവി ലഫ്. ജനറല്‍ രാകേഷ് കുമാര്‍ ലൂംബ, മകന്‍ രാഹുല്‍ ലൂംബ, പ്രമുഖ ഉരുക്കു വ്യവസായി ലക്ഷ്മി മിത്തലിന്റെ സഹോദരനും വ്യവസായിയുമായ പ്രമോദ് മിത്തല്‍, റാഡികോ ഖെയ്താന്റെ ഉടമകളായ ലളിത് ഖെയ്!താന്‍, അഭിഷേക് ഖെയ്!താന്‍, ഡല്‍ഹിയിലെ സീതാറാം ഭാര്‍ത്യ ആശുപത്രി നടത്തുന്ന കുടുംബം എന്നിവരുടെ പേരുകളാണ് ചൊവ്വാഴ്ച പുറത്തുവന്നത്.
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സെയ്ഷല്‍സില്‍ രാകേഷ് ലൂംബയും മകന്‍ രാഹുലും നിക്ഷേപത്തിനായി 2016 ല്‍ രാരിന്ത് പാര്‍ട്‌ണേഴ്‌സ് എന്ന കമ്പനി തുടങ്ങിയതായാണ് രേഖകളില്‍ പറയുന്നത്. മൗറീഷ്യസിലെ എ ബി സി ബാങ്കിങ് കോര്‍പ്പറേഷനുമായാണ് കമ്പനിയുടെ അക്കൗണ്ട് ബന്ധിപ്പിച്ചിരിക്കുന്നത്.
കമ്പനിക്ക് ഭാവിയില്‍ ലഭിക്കാവുന്ന വാര്‍ഷിക വിറ്റുവരവായ 10 ലക്ഷം ഡോളര്‍ നിക്ഷേപിക്കാനായിരുന്നു ഈ അക്കൗണ്ട് എന്നാണ് കണ്ടെത്തല്‍. എന്നാല്‍ 2017ല്‍ കമ്പനി പിരിച്ചുവിട്ടെന്നും ബിസിനസ് പദ്ധതി ഉപേക്ഷിച്ചതിനാല്‍ എ ബി സി ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടേയില്ലെന്ന് രാഹുല്‍ ലൂംബ പ്രതികരിച്ചു.
2020 ജൂണ്‍ മുതല്‍ തട്ടിപ്പ്, അധികാര ദുരുപയോഗം എന്നീ കുറ്റങ്ങള്‍ക്ക് ബ്രിട്ടീഷ് കോടതിയില്‍ പാപ്പരത്തനടപടി നേരിടുന്നയാളാണ് പ്രമോദ് മിത്തല്‍. തനിക്ക് വരുമാനമില്ലെന്നും ആകെ സ്വത്ത് 1,50,000 പൗണ്ടില്‍ അതായത് ഏകദേശം 15.24 കോടി രൂപയില്‍ താഴെയാണെന്നുമാണ് ഇദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചത്.
റാഡികോ ഖെയ്!താന്‍ എന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ കമ്പനിയുടെ ഉടമകള്‍ക്ക് ഓഫ്‌ഷോര്‍ കമ്പനികളില്‍ നിക്ഷേപമുണ്ടെന്നാണ് രേഖകളില്‍ പറയുന്നത്. ഇതിനുപുറമെ സീതാറാം ഭാര്‍ത്യ ആശുപത്രി ഉടമകള്‍ക്ക് കെയ്മാന്‍ ദ്വീപില്‍ 3.5 കോടി ഡോളറിന്റെ നിക്ഷേപമുണ്ടെന്നും ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലെ കണ്ടെത്തല്‍.