തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ വരുംദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വിവിധ ജില്ലകള്‍ക്ക് മഴ മുന്നറിയിപ്പ് നല്‍കി. നാശംവിതച്ച് തുടരുന്ന മഴയില്‍ മരണം മൂന്നായി. മലപ്പുറം പള്ളിക്കലില്‍ രണ്ട് കുട്ടികളും കൊല്ലം തെന്‍മലയില്‍ വയോധികനുമാണ് മരിച്ചത്.
പള്ളിക്കല്‍ പഞ്ചായത്തിലെ മാതാങ്കുളം മുണ്ടോട്ടപുറം മുഹമ്മദ് കുട്ടിയുടെ പേരക്കുട്ടികളായ റിസ് വാന (എട്ട്), റിന്‍സാന (ഏഴുമാസം) എന്നിവരാണ് വീട് തകര്‍ന്ന് മരിച്ചത്. കൊല്ലം തെന്മല നാഗമലയില്‍ തോട്ടില്‍ വീണ് ഗോവിന്ദരാജ് (65) എന്നയാളാണ് മരിച്ചത്.
നീരൊഴുക്ക് ശക്തമായതോടെ പെരിങ്ങല്‍കുത്ത്, ഷോളയാര്‍, പറമ്പിക്കുളം ഡാമുകള്‍ തുറന്നു. എറണാകുളം ഇടമലയാര്‍ വൈശാലി ഗുഹക്ക് സമീപം മണ്ണിടിച്ചിലുണ്ടായി. രണ്ട് ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് തടസപ്പെട്ട അട്ടപ്പാടി ചുരത്തിലൂടെയുള്ള വാഹന ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.
പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍:
ഉരുള്‍പ്പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം
പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചുകടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല.
മലവെള്ളപ്പാച്ചില്‍, ഉരുള്‍പ്പൊട്ടല്‍ എന്നിവ കണക്കിലെടുത്ത് മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെയുള്ള ചെറിയ ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്.
മരങ്ങള്‍ക്ക് താഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.
താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഉള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കണം.
പരിശീലനം നേടിയ സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍ മേഖലകളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണം.
കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളക്കെട്ടിലും ഇറങ്ങി കളിക്കുന്നില്ലെന്ന് മാതാപിതാക്കള്‍ ഉറപ്പുവരുത്തണം.
അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറിത്താമസിക്കാന്‍ തയാറാകണം.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.
ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയാറാക്കി വെക്കണം.