ലോകത്ത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ മനുഷ്യനില്‍ പന്നിയുടെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി അമേരിക്കന്‍ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.
ന്യൂയോര്‍ക്ക് സിറ്റിയിലെ എന്‍.വൈ.യു. ലാങ്കോണ്‍ ഹെല്‍ത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. മസ്തിഷ്‌ക മരണം സംഭവിച്ച ഒരു സ്ത്രീയിലായിരുന്നു പരീക്ഷണം. ഇവരില്‍ വൃക്കകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. തുടര്‍ന്ന് അവരുടെ കുടുംബത്തിന്റെ അനുമതിയോടെയാണ് പരീക്ഷണം നടത്തിയത്. മൂന്നു ദിവസത്തേക്കായിരുന്നു ഈ പരീക്ഷണം.
സാധാരണ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നാല്‍ രോഗിയുടെ ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ മാറ്റിവെച്ച വൃക്കയെ തിരസ്‌ക്കരിക്കുന്നതിനാല്‍ ശസ്ത്രക്രിയ പരാജയപ്പെടാറുണ്ട്. എന്നാല്‍ പന്നിയില്‍ നിന്നുള്ള വൃക്ക മനുഷ്യനില്‍ സ്ഥാപിച്ചിട്ടും ഇത്തരത്തില്‍ ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ ആ വൃക്കയെ പുറന്തള്ളിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
പന്നിയുടെ വൃക്കയില്‍ ജനിതകമാറ്റം വരുത്തിയാണ് മനുഷ്യനില്‍ സ്ഥാപിച്ചത്. അതിനാല്‍ തന്നെ വൃക്കയെ പെട്ടെന്ന് തന്നെ രോഗിയുടെ ശരീരം പുറന്തള്ളാന്‍ പ്രേരിപ്പിക്കുന്ന മോളിക്യൂളിനെ ഒഴിവാക്കാനായി. ഇതാണ് അവയവമാറ്റ ശസ്ത്രക്രിയയുടെ വിജയത്തിന് കാരണം. മൂന്നു ദിവസം കൊണ്ട് പന്നിയുടെ വൃക്കകള്‍ സ്ത്രീയുടെ രക്തക്കുഴലുകളുമായി ചേര്‍ന്നുവെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മാറ്റിവെച്ച വൃക്കയില്‍ നടത്തിയ പരിശോധന ഫലങ്ങള്‍ പറയുന്നത് സാധാരണ വൃക്കകള്‍ പ്രവര്‍ത്തിക്കുന്നതു പോലെ ഈ വൃക്കയും ശരീരത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണെന്ന് അവയവമാറ്റ ശസ്ത്രക്രിയ നടത്തിയ സര്‍ജനും പഠനസംഘത്തിന്റെ തലവനുമായ ഡോ. റോബര്‍ട്ട് മോണ്ട്ഗോമറി പറഞ്ഞു.
പന്നികളില്‍ നിന്ന് മെഡിക്കല്‍ ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന് യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്റെ അനുമതി ആവശ്യമാണ്. ജനിതകമാറ്റം വരുത്തിയ പന്നിയെ വികസിപ്പിച്ചത് യുണൈറ്റഡ് തെറാപ്യൂട്ടിക്സ് കോര്‍പ്സ് റെവിവികോര്‍ യൂണിറ്റാണ്. മാംസത്തിനും തെറാപ്യൂട്ടിക്സ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനുള്ള അനുമതി 2020 ഡിസംബറില്‍ യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ അനുമതി നല്‍കിയിരുന്നു.
ഇത്തരം പന്നികളില്‍ നിന്ന് വൃക്കയ്ക്ക് പുറമേ ഹൃദയ വാല്‍വുകള്‍ പോലുള്ളവ സ്വീകരിക്കാന്‍ സാധിക്കുമോ എന്ന് ഗവേഷകര്‍ പരിശോധിക്കുന്നുണ്ട്.
വൃക്ക പരാജയം സംഭവിച്ചവരില്‍ മനുഷ്യ വൃക്ക മാറ്റിവെക്കാന്‍ ലഭ്യമാകുന്നതുവരെ ഉപയോഗിക്കാന്‍ പന്നിയുടെ വൃക്ക മാറ്റിവെക്കാനുള്ള സാധ്യതകള്‍ ഇതുവഴി തെളിഞ്ഞിരിക്കുകയാണ്.