Monday, December 23, 2024

HomeMain Storyഎന്റെ ജീവിതപങ്കാളി ദളിതനായതാണ് അവരുടെ പ്രശ്‌നം, ഏതറ്റം വരെയും പോകും: അനുപമ

എന്റെ ജീവിതപങ്കാളി ദളിതനായതാണ് അവരുടെ പ്രശ്‌നം, ഏതറ്റം വരെയും പോകും: അനുപമ

spot_img
spot_img

തിരുവനന്തപുരം: വിവാഹത്തിനുമുമ്പ് മകള്‍ക്ക് ജനിച്ച കുഞ്ഞിനെ ശിശുക്ഷേമ സമിതി വഴി നാടുകടത്താന്‍ മാതാപിതാക്കളും സി.പി.എം നേതാക്കളും പ്രമുഖ അഭിഭാഷകരും ചേര്‍ന്ന് ആസൂത്രണം ചെയ്തത് സിനിമയെ വെല്ലുന്ന തിരക്കഥ. എസ്.എഫ്.ഐ മുന്‍ നേതാവ് അനുപമയുടെ കുഞ്ഞിന്റെ ലിംഗ നിര്‍ണയവും ഡി.എന്‍.എയും അട്ടിമറിച്ചാണ് കുട്ടിയെ ആന്ധ്ര സ്വദേശികള്‍ക്ക് കൈമാറിയത്.

ഡി.വൈ.എഫ്.ഐ നേതാവായ അജിത്തുമായുള്ള പ്രണയത്തെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 19നാണ് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

നൊന്തുപ്രസവിച്ച കുഞ്ഞിനെ വീണ്ടെടുക്കാന്‍ അനുപമ എന്ന അമ്മ നടത്തുന്ന പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ് കേരളമിന്ന്. ജനിച്ച് മൂന്നാംദിവസം മാറില്‍നിന്ന് അടര്‍ത്തിയെടുക്കപ്പെട്ട കുരുന്നിനെ തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടം. എതിരാളികള്‍ ശക്തരെങ്കിലും പിന്മാറാന്‍ ഒരുക്കമല്ലെന്ന് ഉറച്ചു പറയുകയാണവര്‍. ഒപ്പം എത്ര ജാതീയമാണ് രാഷ്ട്രീയ കേരളമെന്ന് തുറന്നു കാട്ടുകയും ചെയ്യുന്നു…

എന്റെ മാതാപിതാക്കള്‍ വ്യത്യസ്ത മതത്തില്‍പെട്ടവരും സ്‌നേഹിച്ച് വിവാഹം കഴിച്ചവരുമാണ്. പിതാവ് പി.എസ്. ജയചന്ദ്രന്‍ ഈഴവനാണ്. മാതാവ് സ്മിത ക്രിസ്ത്യനും. അടിയുറച്ച പാര്‍ട്ടി കുടുംബമായതുകൊണ്ടുതന്നെ മത- ജാതി മേല്‍ക്കോയ്മകളില്‍ വിശ്വസിക്കാത്തവരെന്നാണ് ഇത്രകാലം ഞാന്‍ കരുതിപ്പോന്നത്. അവര്‍ക്ക് ജാതിചിന്ത വികാരങ്ങള്‍ ഉണ്ടായിരുന്നു എന്ന് അറിയുന്നത് ഇപ്പോഴാണ്.

എന്റെ ജീവിതപങ്കാളി അജിത്ത് ദലിതനായതാണ് അവരുടെ പ്രശ്‌നം. ഞങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിനിടയിലാണ് പരിചയപ്പെട്ടതും ഇഷ്ടത്തിലായതും. അജിത്തി!!െന്റ ആദ്യവിവാഹത്തിന്റെ കാര്യങ്ങള്‍ എനിക്കറിയാമായിരുന്നു. ആ ബന്ധം വിവാഹമോചനത്തിന്റെ വക്കിലായിരുന്നു. അല്ലാതെ ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ ഞങ്ങള്‍ ഇഷ്ടപ്പെട്ട ശേഷമല്ല അവര്‍ ബന്ധം വേര്‍പെടുത്തിയത്.

ഗര്‍ഭിണിയായി എട്ടാം മാസത്തിലാണ് ഞങ്ങളുടെ ബന്ധം വീട്ടുകാര്‍ അറിഞ്ഞത്. അതോടെ ഭീഷണിയും മര്‍ദനവുമായി. അവര്‍ക്ക് എങ്ങനെയെങ്കിലും ഗര്‍ഭം ഇല്ലാതാക്കിയാല്‍ മതിയായിരുന്നു. മാനസിക സമ്മര്‍ദത്താല്‍ ഞാന്‍ കരയുമ്പോള്‍ അമ്മ പറഞ്ഞത് ”നീ എത്ര വേണമെങ്കിലും കരഞ്ഞോ. ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. ഗര്‍ഭച്ഛിദ്രത്തിന് സമ്മതിച്ചാല്‍ മാത്രം മതി” എന്നാണ്. ”നിന്റെ വയറ്റില്‍ കിടക്കുന്നത് മാംസപിണ്ഡമല്ലേ, പിന്നെന്താ കളഞ്ഞാല്‍” എന്നായിരുന്നു ചേച്ചിയുടെ ചോദ്യം. ഗര്‍ഭിണിയായ സമയത്ത് അനുഭവിച്ച പീഡനങ്ങള്‍ ഓര്‍ത്തു പറയുമ്പോള്‍ പോലും ഭയംതോന്നുന്നു.

2020 ഒക്‌ടോബര്‍ 19നാണ് ഞാന്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. കോവിഡ് ബാധിച്ചതിനാല്‍ സിസേറിയനായിരുന്നു. 22ന് വീട്ടിലേക്ക് മടങ്ങവേ മാതാപിതാക്കള്‍ കുഞ്ഞുമായി പോയി. വീട്ടിലെത്തി കുഞ്ഞിനെ ചോദിച്ച് ഞാന്‍ ബഹളം വെച്ചപ്പോഴാണ് അവര്‍ പറഞ്ഞത് കുഞ്ഞിനെ ഒരിടത്ത് ഏല്‍പിച്ചിരിക്കുകയാണെന്ന്.

മൂത്ത സഹോദരിയുടെ വിവാഹം കഴിയുന്നതുവരെ സംഭവം ആരുമറിയേണ്ടെന്നും അതിനുശേഷം കുഞ്ഞിനെ കൊണ്ടുവരാമെന്നും പറഞ്ഞപ്പോള്‍ സമ്മതിച്ചു. തുടര്‍ന്ന് പുറത്തിറങ്ങാന്‍പോലും അനുവാദമില്ലാത്ത വിധം വീട്ടുതടങ്കലിലാക്കി. പിന്നീട് സഹോദരിയുടെ വിവാഹ ആവശ്യത്തിന് സ്ഥലം വില്‍ക്കാനാണെന്നുപറഞ്ഞ് ഒന്നും എഴുതാത്ത മുദ്രപ്പത്രത്തില്‍ ഒപ്പുവെപ്പിച്ചു. കുഞ്ഞിനെ വളര്‍ത്താന്‍ കഴിയാത്തതിനാല്‍ ശിശുക്ഷേമ സമിതിക്ക് കൈമാറാന്‍ എനിക്ക് സമ്മതമാണെന്ന് അവര്‍ അതില്‍ എഴുതിച്ചേര്‍ത്തു.

ആ മുദ്രപ്പത്രം കാണിച്ചാണ് എന്റെ സമ്മതത്തോടെയാണ് കുഞ്ഞിനെ കൈമാറിയതെന്ന് ശിശുക്ഷേമ സമിതി അവകാശപ്പെടുന്നത്. സഹോദരിയുടെ വിവാഹം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരിച്ചുനല്‍കാന്‍ നീക്കമില്ലെന്നു മനസ്സിലായതോടെ 2021 മാര്‍ച്ച് 19ന് വീടുവിട്ടിറങ്ങി അജിത്തിനൊപ്പം താമസം തുടങ്ങി. കുഞ്ഞിനെ ദത്തുനല്‍കാന്‍ ശ്രമമുണ്ടെന്നറിഞ്ഞതോടെയാണ് ഏപ്രിലില്‍ പേരൂര്‍ക്കട പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

അവര്‍ കേസെടുത്തില്ല. ഇത്രനാള്‍ ക്ഷമിച്ചിരുന്നത് കുഞ്ഞിനെ തിരിച്ചുതരുമെന്നു കരുതിയാണ്. അവര്‍ക്കതിനുള്ള ഉദ്ദേശ്യമില്ലെന്ന് അറിഞ്ഞപ്പോഴാണ് മാധ്യമങ്ങള്‍ക്കുമുന്നിലെത്തിയത്. പാര്‍ട്ടിയില്‍ ആരും കൂടെ നിന്നില്ല. എല്ലാവരും മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു. ഒരു മനുഷ്യജീവി പോലും കൂടെനിന്നില്ലെങ്കിലും കുഞ്ഞിനെ വീണ്ടെടുക്കാന്‍ നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്നും അനുപമ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments