വാഷിങ്ടണ്‍ ഡി.സി: തന്റെ അക്കൗണ്ട് പുന:സ്ഥാപിക്കാന്‍ ട്വിറ്ററിനോട് നിര്‍ദേശിക്കണമെന്ന ആവശ്യവുമായി മുന്‍ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു.എസ് കാപ്പിറ്റോള്‍ ബില്‍ഡിങ്ങില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ അതിക്രമങ്ങള്‍ക്കു പിന്നാലെ ട്രംപിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ഉള്‍പ്പെടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു.
തനിക്കെതിരായ നടപടി നിയമവിരുദ്ധമാണെന്നും തന്‍റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ നിയമവിരുദ്ധമായി നിശബ്ദമാക്കുന്നുവെന്നും ആരോപിച്ച് ജൂലൈയില്‍ ട്വിറ്റര്‍, ഫേസ്ബുക്ക്, ഗൂഗിള്‍ എന്നിവയ്‌ക്കെതിരെയും അവരുടെ ചീഫ് എക്‌സിക്യൂട്ടീവുകള്‍ക്കെതിരെയും ട്രംപ് കേസ് കൊടുത്തിരുന്നു.
അക്കൗണ്ട് താല്‍ക്കാലികമായി റദ്ദാക്കാന്‍ യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ട്വിറ്ററിനെ നിര്‍ബന്ധിച്ചുവെന്നാരോപിച്ച് ട്വിറ്ററിനെതിരെ ഫ്‌ലോറിഡയില്‍ ട്രംപ് ഒരു മുന്‍കൂര്‍ ഉത്തരവിനുള്ള അപേക്ഷയും ഫയല്‍ ചെയ്തിരുന്നു.
“ട്വിറ്റര്‍ ഈ രാജ്യത്തെ രാഷ്ട്രീയ വ്യവഹാരങ്ങളില്‍ അളവറ്റതും ചരിത്രത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്തതുമായ, തുറന്ന ജനാധിപത്യ സംവാദത്തിന് അത്യന്തം അപകടകരവുമായ അധികാരവും നിയന്ത്രണവും പ്രയോഗിക്കുന്നു,” ട്രംപിന്‍റെ അഭിഭാഷകര്‍ ഹരജിയില്‍ പറഞ്ഞു.
യു.എസ് ഭീകരസംഘടനയായി കരുതുന്ന താലിബാന് പോലും ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോഴും അനുവദിച്ചിട്ടുണ്ട്. ട്രംപിന് അക്കൗണ്ട് നിഷേധിക്കുകയും താലിബാന് അനുവദിക്കുകയും ചെയ്യുന്നതില്‍ പരിഹാസ്യമായി പൊരുത്തക്കേടുണ്ട് ഹരജിയില്‍ പറയുന്നു.
എന്നാല്‍ ട്രംപിന്റെ പുതിയ നീക്കത്തോട് ട്വിറ്റര്‍ പ്രതികരിച്ചിട്ടില്ല.