വാഷിങ്ടണ്‍: ഗര്‍ഭഛിദ്രം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് യു.എസില്‍ ആയിരക്കണക്കിന് വനിതകള്‍ തെരുവിലിറങ്ങി. ഗര്‍ഭസ്ഥശിശുവിന് ആറാഴ്ച പിന്നിട്ടാല്‍ ഗര്‍ഭഛിദ്രം പാടില്ലെന്ന ടെക്‌സസ് നിയമത്തിനെതിരാണ് പ്രതിഷേധം. കഴിഞ്ഞ മാസം മുതലാണ് ടെക്‌സസില്‍ നിയമം പ്രാബല്യത്തിലാക്കിയത്.
1973ല്‍ രാജ്യവ്യാപകമായി അബോര്‍ഷന്‍ നിയമാനുസൃതമാക്കിയ റൂ വി വേയ്ഡ് കേസിനെ അട്ടിമറിക്കാവുന്ന രീതിയില്‍ കോടതിയില്‍ കേസുകള്‍ വരാനിരിക്കെയാണ് പ്രതിഷേധം ശക്തമായത്.
‘എന്‍െറ ശരീരം എന്‍െറ അവകാശം’, ‘അബോര്‍ഷന്‍ നിയമവിധേയമാക്കുക’ എന്നീ പ്ലക്കാര്‍ഡുകളുമായാണ് വാഷിങ്ടണ്‍ ഡി.സിയിലെ സുപ്രീംകോടതി കെട്ടിടത്തിനു ചുറ്റും പ്രതിഷേധക്കാര്‍ അണിനിരന്നത്.
കുഞ്ഞുങ്ങളുടെ കാര്യത്തില്‍ പുരുഷന്മാരോ സര്‍ക്കാറോ അല്ല, സ്ത്രീകളാണ് തീരുമാനമെടുക്കേണ്ടതെന്ന് സമരക്കാര്‍ പ്രതികരിച്ചു.
2017ല്‍ ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റായപ്പോള്‍ വനിതകളുടെ വാര്‍ഷിക മാര്‍ച്ച് നടത്തിയവര്‍ തന്നെയാണ് ഇപ്പോഴത്തെ സമരത്തിനു പിന്നില്‍.