ആഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നും എത്തുന്ന യാത്രക്കാരിൽ നിന്ന് ഇനി മുതൽ വാറ്റ് ഉൾപ്പടെ 1,130 ഡോളർ (ഏകദേശം 94000 രൂപ) അധിക നികുതി ഈടാക്കുമെന്ന് അറിയിച്ച് എൽ സാൽവഡോർ. മധ്യ അമേരിക്കൻ രാജ്യത്തിലൂടെ യുഎസിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി.
ഇന്ത്യയിൽ നിന്നോ 50-ലധികം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നോ പാസ്‌പോർട്ടോടെ യാത്ര ചെയ്യുന്ന ആളുകൾ ഈ നികുതി അടയ്ക്കാൻ ബാധ്യസ്ഥരാണ്. ഇക്കാര്യം എൽ സാൽവഡോറിന്റെ പോർട്ട് അതോറിറ്റി അവരുടെ വെബ്‌സൈറ്റിൽ നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ 20 നാണ് ഈ അറിയിപ്പ് നൽകിയത്.
ഇതിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച് രാജ്യത്തെ പ്രധാന അന്താരാഷ്‌ട്ര വിമാനത്താവളം മെച്ചപ്പെടുത്താനാണ് തീരുമാനം. എൽ സാൽവഡോർ പ്രസിഡന്റ് നയിബ് ബുകെലെ യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ബ്രയാൻ നിക്കോൾസുമായി ഈ ആഴ്ച്ച കൂടിക്കാഴ്ച നടത്തിയിരുന്നു. അനിയന്ത്രിത കുടിയേറ്റം തടയാനുള്ള ശ്രമങ്ങളെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. നിലവിൽ രാജ്യത്തുടനീളം 3.2 ദശലക്ഷം കുടിയേറ്റക്കാർ ഉണ്ടെന്നാണ് റിപ്പോർട്ട്.
ആഫ്രിക്കയിൽ നിന്നും മറ്റിടങ്ങളിൽ നിന്നുമുള്ള നിരവധി കുടിയേറ്റക്കാർ മധ്യ അമേരിക്ക വഴി ആണ് യുഎസിലെത്തുന്നത്. എന്നാൽ ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി വാറ്റ് നികുതി ഉൾപ്പടെ 1,130 ഡോളർ ആണ് അധികമായി നൽകേണ്ടി വരിക