ടെൽ അവീവ്: ലെബനനിലെ കരയുദ്ധത്തിനൊപ്പം ഇറാൻ ഇസ്രയേലിനെ ആക്രമിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളുടെ വ്യോമയാനക്കമ്പനികൾ പശ്ചിമേഷ്യയിലേക്കുള്ള സർവീസുകൾ നിർത്തി. ബയ്‌റുത്തിലേക്കുള്ള ലുഫ്താൻസ സർവീസുകൾ റദ്ദാക്കിയത് നവംബർ 30-വരെ നീട്ടി. ഹൈദരാബാദിൽനിന്നും മുംബൈയിൽനിന്നും ഫ്രാങ്ക്ഫർട്ടിലേക്കുള്ള ലുഫ്‌താൻസ സർവീസുകൾ ഒക്ടോബർ 31 വരെ റദ്ദാക്കി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് എയർ ഇന്ത്യ അറിയിച്ചു. ടെൽ അവീവിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ നേരത്തേ നിർത്തിയിരുന്നു.
സ്വിസ് എയർലൈൻസ്, ഡച്ച് എയർലൈൻസായ കെ.എൽ.എം. എന്നിവയും ഇസ്രയേലിലേക്ക് സർവീസുകൾ നിർത്തി.
ഇറാൻ, ജോർദാൻ, ഇറാഖ് എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളും എമിറേറ്റ്‌സ് റദ്ദാക്കി. ബ്രിട്ടീഷ് എയർവേസ്, ഖത്തർ എയർവേസ്, എമിറേറ്റ്സ് എന്നിവ യുദ്ധബാധിതമേഖലയിലേക്കുള്ള 80 വിമാനങ്ങൾ ചൊവ്വാഴ്ച കയ്‌റോയിലേക്കും യൂറോപ്യൻ നഗരങ്ങളിലേക്കും തിരിച്ചുവിട്ടു.