ജറുസലം: ബെയ്‌റൂട്ടില്‍ ലബനന്‍ പാര്‍ലമെന്റ് മന്ദിരരം ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ എട്ടു മരണം. പാര്‍ലമെന്റ് മന്ദ്രിരത്തിനു സമീപമുള്ള കെട്ടിടത്തിലാ്ണ് മിസൈല്‍ പതിച്ചത്. 14 പേര്‍ക്കു പരുക്കേറ്റു. ഹിസ്ബുല്ലയുടെ ആരോഗ്യസേവന വിഭാഗത്തിലാണ് ആക്രമണമുണ്ടായതെന്നും രണ്ട് ആരോഗ്യപ്രവര്‍ത്തകരടക്കമാണു കൊല്ലപ്പെട്ടതെന്നും ഹിസ്ബുല്ല വ്യക്തമാക്കി. ഐക്യരാഷ്ട്രസംഘടനയുടെ ഓഫിസ് മന്ദിരവും ഈ പരിസരത്താണ്.
കരയുദ്ധം ശക്തമാകുന്ന തെക്കന്‍ ലബനന്‍ അതിര്‍ത്തിയില്‍ പ്രവിശ്യാതലസ്ഥാനമായ നബാത്തിയഹ് അടക്കം 25 പട്ടണങ്ങളില്‍നിന്നുകുടി ജനങ്ങളോട് അടിയന്തരമായി ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടു. റെഡ് ക്രോസ് ദൗത്യസംഘത്തിന്റെ വാഹനങ്ങള്‍ക്കുനേരെയുണ്ടായ ഇസ്രയേല്‍ വെടിവയ്പില്‍ ലബനീസ് സൈനികന്‍ കൊല്ലപ്പെട്ടു. തൈബീഹ് പട്ടണത്തില്‍ പരുക്കേറ്റവരുമായി പോയ റെഡ് ക്രോസ് സംഘമാണ് ആക്രമിക്കപ്പെട്ടത്. നാലു റെഡ് ക്രോസുകാര്‍ക്കും പരുക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറില്‍ 28 ആരോഗ്യപ്രവര്‍ത്തകര്‍ ലബനനില്‍കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
ഇതിനിടെ മറോണ്‍ അല്‍ റാസ് ഗ്രാമത്തില്‍ ഇസ്രയേല്‍ സൈനികരെ ലക്ഷ്യമിട്ടു ബോംബ് സ്‌ഫോടനം നടത്തിയെന്നും വടക്കന്‍ ഇസ്രയേലിലെ സൈനികകേന്ദ്രങ്ങള്‍ക്കുനേരെ 20 മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയെന്നും ഹിസ്ബുല്ല പറഞ്ഞു. യുദ്ധസാഹചര്യത്തില്‍, വിവിധ യുറോപ്യന്‍ രാജ്യങ്ങളും കാനഡ, യുകെ, ഓസ്‌ട്രേലിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളും ലബനനില്‍നിന്നു പൗരന്മാരെ ഒഴിപ്പിക്കാന്‍ പ്രത്യേകവിമാനങ്ങള്‍ അയച്ചുതുടങ്ങി. ബെയ്‌റൂട്ടിലെ എംബസികളിലും ജീവനക്കാരെ പരിമിതപ്പെടുത്തി.
കോപ്പന്‍ഗേഹനിലെ ഇസ്രയേല്‍ എംബസിക്കു സമീപം സ്‌ഫോടനം നടത്തിയെന്ന കേസില്‍ 16 ഉം 19 ഉം 19 വയസ്സുകാരായ രണ്ട് സ്വീഡിഷ് പൗരന്മാരെ ഡെന്‍മാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തു.
മധ്യഗാസയിലെ ദെയ്റല്‍ ബലാഹില്‍ അഭയാര്‍ഥികൂടാരത്തില്‍ നടത്തിയ ബോംബാക്രമണത്തില്‍ വെസ്റ്റ്ബാങ്കിലെ മുതിര്‍ന്ന ഹമാസ് നേതാവ് അബ്ദുല്‍ അസീസ് സല്‍ഹയെ വധിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. 2001 മുതല്‍ ഇസ്രയേല്‍ ജയിലിലായിരുന്ന സല്‍ഹയെ 2011 ലാണു വിട്ടയച്ചത്. മൂന്നു മാസം മുന്‍പ് ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ ഹമാസ് മേധാവി യഹിയ അല്‍ സിന്‍വാറിന്റെ വിശ്വസ്തനായ റൗഹി മുസ്തഹ, കമാന്‍ഡര്‍മാരായ സമീഹ് അല്‍ സറാജ്, സാമി ഒദീഹ് എന്നിവരെ വധിച്ചെന്നും ഇസ്രയേല്‍ വെളിപ്പെടുത്തി. 24 മണിക്കുറിനിടെ 99 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 169 പേര്‍ക്കു പരുക്കേറ്റു. ഗാസയില്‍ ഇതുവരെ 41,788 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്