ലണ്ടന്‍: ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ബ്രിട്ടന്റെ അധീനതയിലുണ്ടായിരുന്ന ഷാഗോസ് ദ്വീപുകള്‍ മൊറീഷ്യസിനു കൈമാറാന്‍ ധാരണയായി. നൂറ്റാണ്ടുകളായി തുടരുന്ന തര്‍ക്കത്തിനൊടുവിലാണ് ഈ നിര്‍ണായക തീരുമാനം ഉണ്ടായത്. ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ ഡീഗോ ഗാര്‍സ്യയുടെ അവകാശം ബ്രിട്ടന്റെ ഉടമസ്ഥതയില്‍ തുടരുമെന്നും ഇതിനായി തയാറാക്കിയ ഉടമ്പടിയിലുണ്ട്. ഇവിടെ യുഎസിന്റെയും ബ്രിട്ടന്റെയും സംയുക്ത നാവിക വ്യോമ താവളമുണ്ട്.
നടപടിക്ക് അമേരിക്കയുടേയും ഇന്ത്യയുടെയും പിന്തുണയുണ്ടെന്ന് ബ്രിട്ടിഷ്, മൊറീഷ്യസ് പ്രതിനിധികള്‍ അറിയിച്ചു. ഈ ഉടമ്പടിയോടെ മൊറീഷ്യസിന്റെ കോളനികാലം പൂര്‍ണമായി ഒഴിഞ്ഞെന്ന് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ് പറഞ്ഞു.
60 ദ്വീപുകള്‍ ചേര്‍ന്നതാണ് ഷാഗോസ്. 1814 മുതല്‍ ബ്രിട്ടനാണ് ഷാഗോസ് ദ്വീപുകളും മൊറീഷ്യസും ഭരിച്ചിരുന്നത്. 1965 ല്‍ അവര്‍ മൊറീഷ്യസിനെയും ഷാഗോസ് ദ്വീപുകളെയും രണ്ടായി വിഭജിച്ചു. 1968 ല്‍ മൊറീഷ്യസിനു സ്വാതന്ത്ര്യം നല്‍കി. ഷാഗോസ് ദ്വീപുകള്‍ ‘ബ്രിട്ടിഷ് ഇന്ത്യന്‍ ഓഷ്യന്‍ ടെറിട്ടറി’ എന്ന പേരില്‍ കൈവശം വച്ചു.
എഴുപതുകളുടെ തുടക്കത്തില്‍ ഷാഗോസിയന്‍സ് എന്നറിയപ്പെടുന്ന ഇവിടത്തെ രണ്ടായിരത്തോളം നാട്ടുകാരെ ഡീഗോ ഗാര്‍സ്യ സൈനികത്താവളം നിര്‍മിക്കുന്നതിനായി മൊറീഷ്യസിലേക്കും സെയ്ഷല്‍സിലേക്കും മാറ്റി. 17-ാം നൂറ്റാണ്ടില്‍ ഫ്രഞ്ചുകാര്‍ ആഫ്രിക്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നും അടിമകളാക്കി ദ്വീപിലെത്തിച്ചവരുടെ പിന്മുറക്കാരാണ് ഇവര്‍. ഷാഗോസ് ദ്വീപുകളില്‍ ഡീഗോ ഗാര്‍സ്യ ഒഴിച്ചുള്ളവയില്‍ നിലവില്‍ മനുഷ്യവാസമില്ല.
2019 ല്‍ രാജ്യാന്തര നീതിന്യായ കോടതി ബ്രിട്ടനോട് ഷാഗോസ് ദ്വീപ് മൊറീഷ്യസിനു തിരിച്ചുകൊടുക്കണമെന്നു നിര്‍ദേശിച്ചിരുന്നു. പുതിയ ഉടമ്പടിയോടെ ഷാഗോസിയന്‍സിന്റെ പിന്മുറക്കാര്‍ക്ക് ഡീഗോ ഗാര്‍സ്യ ഒഴിച്ചുള്ള ദ്വീപുകളിലേക്ക് തിരിച്ചുവരാനുള്ള അവസരമൊരുങ്ങഉം.