പാരീസ്: ഇസ്രായേലിനുള്ള ആയുധകയറ്റുമതി നിർത്തിവെച്ച് ഫ്രാൻസ്. പ്രസിഡന്റ് ഇമാനുവൽ മാക്രോണാണ് ആയുധകയറ്റുമതി നിർത്തിവെച്ച വിവരം അറിയിച്ചത്. മാക്രോൺ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ ഇതിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
ലബനാനിൽ കരയാക്രമണത്തിന് സൈന്യത്തെ അയച്ച നെതന്യാഹുവിന്റെ നടപടിയേയും മാക്രോൺ വിമർശിച്ചിരുന്നു. പ്രശ്നത്തിന് രാഷ്ട്രീയമായ പരിഹാരമാണ് ഉണ്ടാവേണ്ടതെന്ന് മാക്രോൺ പറഞ്ഞു. അതിനാൽ ഗസ്സയിലേക്കുള്ള ആയുധകയറ്റുമതി നിർത്തുകയാണെന്നും മാക്രോൺ വ്യക്തമാക്കി.
തങ്ങളെ കേൾക്കാൻ നെതന്യാഹു തയാറായില്ല. അത് അവരുടെ ഭാഗത്ത് നിന്നുണ്ടായ ഒരു തെറ്റാണ്. ഇത് ഇസ്രായേലിന്റെ സുരക്ഷക്കും ഭീഷണിയാണെന്നും മാക്രോൺ പറഞ്ഞു. മാക്രോണിന്റെ പ്രതികരണത്തിന് ശക്തമായ ഭാഷയിലായിരുന്നു നെതന്യാഹുവിന്റെ മറുപടി.
ഇറാന്റെ പ്രാകൃത സൈന്യത്തോടാണ് ഇസ്രായേലിന്റെ പോരാട്ടം. സംസ്കാരമുള്ള രാഷ്ട്രങ്ങളെല്ലാം ഇറാനൊപ്പം നിൽക്കുന്നുണ്ട്. ഇപ്പോൾ മാക്രോണും ചില പാശ്ചാത്യ രാജ്യങ്ങളും ഇസ്രായേലിലേക്കുള്ള ആയുധകയറ്റുമതി നിർത്താൻ ആവശ്യപ്പെടുന്നു. അവരെയോർത്ത് നാണക്കേടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.