എ.എസ് ശ്രീകുമാര്‍
കടുത്ത ആരോപണ പ്രത്യാരോപണങ്ങളും വിവാദ കോലാഹലങ്ങളുമായി കേരള രാഷ്ട്രീയം തിളച്ചു മറിയുന്നതിനിടെ വയനാട് ലോക്‌സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പ് തുടങ്ങിയിരിക്കുകയാണ് ഭരണ-പ്രതിപക്ഷ-ബി.ജെ.പി മുന്നണികള്‍. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് നിയമസഭയുടെ നടപ്പ് സമ്മേളനം മുന്‍ നിശ്ചയിച്ചതിനേക്കാള്‍ മൂന്നു ദിവസം മുന്‍പേ അവസാനിപ്പിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി അണിയറ നീക്കങ്ങള്‍ തുടങ്ങിയതോടെ പരിഗണനയിലുള്ള പേരുകള്‍ പുറത്തു വന്നു തുടങ്ങി.
2024 ലോക്സഭാ ഇലക്ഷനില്‍ കോണ്‍ഗ്രസും ബി.ജെ.പിയും നേട്ടമുണ്ടാക്കിയെങ്കില്‍ അമ്പേ തകര്‍ന്നുപോയത് ഭരണത്തിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മാണ്. രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞ സാഹചര്യത്തില്‍ സഹോദരി പ്രിയങ്കാ ഗാന്ധി അവിടെ മല്‍സരിക്കാന്‍ തീരുമാനിച്ചത് യു.ഡി.എഫിനെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ആവേശക്കൊടുമുടിയിലെത്തിച്ചിരിക്കുകയാണ്. ഷാഫി പറമ്പില്‍ എം.എല്‍.എയും മന്ത്രി കെ രാധാകൃഷ്ണനും ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനാല്‍ യഥാക്രമം ഇവരുടെ നിയമസഭാ മണ്ഡലങ്ങളായ പാലക്കാട്ടും ചേലക്കരയിലും ശക്തമായ ഉപതിരഞ്ഞെടുപ്പ് പോരാട്ടമുണ്ടാവും.
വയനാട്
ഇക്കുറി സി.പി.ഐയിലെ ആനി രാജയ്ക്കെതിരെ 3,64,422 വോട്ടുകള്‍ നേടിയാണ് രാഹുല്‍ മണ്ഡലം നിലനിര്‍ത്തിയത്. അതിനേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ പ്രിയങ്ക മണ്ഡലം നിലനിര്‍ത്തുമെന്നു തന്നെയാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ആനി രാജയെപ്പോലെയുള്ള ദേശീയ നേതാക്കളെയിറക്കി മത്സരം കടുപ്പിക്കാമെന്നാണ് സി.പി.ഐയില്‍ ഉയര്‍ന്ന പ്രാഥമിക ചര്‍ച്ച. പൊതു സ്വതന്ത്രനെ നിര്‍ത്തുന്നതും ഇടതുമുന്നണിയുടെ പരിഗണനയിലുണ്ട്. ബി.ജെ.പിയാകട്ടെ അവരുടെ പോരാളിയായി ശോഭാ സുരേന്ദ്രനെ രംഗത്തിറക്കിയേക്കും. സന്ദീപ് വാരിയര്‍ ഉള്‍പ്പെടെയുള്ള ചില പേരുകളും ഉയര്‍ന്നുവരുന്നുണ്ട്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ഏറ്റവും സുരക്ഷിത മണ്ഡലമായാണ് വയനാട് ലോക്സഭാ മണ്ഡലം അറിയപ്പെടുന്നത്. വയനാട് ജില്ലയിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ എന്നിവയും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയും മലപ്പുറത്തെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളും ചേര്‍ന്നതാണ് വയനാട് ലോക്സഭാ മണ്ഡലം. ഇതില്‍ സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ, ഏറനാട്, വണ്ടൂര്‍ എന്നീ മണ്ഡലങ്ങള്‍ ഇപ്പോള്‍ യു.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളാണ്.
രാഹുല്‍ ഗാന്ധിയുടെ വരവോടെ 2019-ല്‍ രാജ്യത്തെ ഏറ്റവും സുപ്രധാന ലോക്‌സഭാ മണ്ഡലങ്ങളിലൊന്നായി വയനാടും ദേശീയ മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. മണ്ഡല രൂപീകരണത്തിനു ശേഷം 2009, 2014 വര്‍ങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി എം.ഐ ഷാനവാസ് വിജയിച്ചതെടെ കോണ്‍ഗ്രസ് കോട്ട എന്ന് വിശേഷണമുള്ള മണ്ഡലമായി വയനാട് മാറി. 2014-ല്‍ 20,870 വോട്ടുകളായിരുന്നു ഷാനവാസിന്റെ ഭൂരിപക്ഷം. 2018-ല്‍ ഷാനവാസ് കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. ഷാനവാസ് മരിച്ച ശേഷം 2019-ല്‍ ടി സിദ്ദിഖിന്റെ പേര് പരിഗണിച്ചിരുന്നെങ്കിലും അപ്രതീക്ഷിതമായിട്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ വരവ്.
1980 നവംബര്‍ ഒന്നിനാണ് കേരളത്തിലെ പന്ത്രണ്ടാമത്തെ ജില്ലയായി വയനാട് ജില്ല നിലവില്‍ വരുന്നത്. 1956 നവംബറില്‍ കേരള സംസ്ഥാനം നിലവില്‍ വന്നപ്പോള്‍ വയനാട് പ്രദേശം കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്നു. പിന്നീട് തെക്കന്‍ വയനാട് കോഴിക്കോട് ജില്ലയോടും, വടക്കന്‍ വയനാട് കണ്ണൂര്‍ ജില്ലയോടും ചേര്‍ത്തു. വയനാട്ടിലെ ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായി വടക്കേ വയനാടും തെക്കന്‍ വയനാടും വേര്‍പെടുത്തി 1980 നവംബര്‍ ഒന്നിന് ഇന്നത്തെ വയനാട് ജില്ല രൂപീകരിച്ചു. 2009-ല്‍ വയനാട് ലോക്സഭാ മണ്ഡലം രൂപീകരിച്ചത് മുതല്‍ കോണ്‍ഗ്രസിന്റെ ആധിപത്യമാണ് കാണുന്നത്.
വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 41.3 ശതമാനം മുസ്ലിം സമുദായവും, 12.7 ശതമാനം ക്രിസ്ത്യന്‍ സമുദായവുമാണ്. 2011-ലെ സെന്‍സസ് പ്രകാരം വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ 93.1 ശതമാനം വോട്ടര്‍മാരും ഗ്രാമീണരാണ്. ജില്ലയുടെ 40 ശതമാനം പ്രദേശം വനഭൂമിയാണ്. നാട്ടിലെത്തുന്ന വന്യമ്യഗങ്ങളാണ് വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ നിലവിലെ വലിയ ചര്‍ച്ചയും, പ്രശ്നവും. മതസൗഹാര്‍ദവും ഐക്യവും ശക്തമായ പ്രദേശമാണ് വയനാട്.
കോണ്‍ഗ്രസിന്റെ യുവനേതാവായ ഷാഫി പറമ്പില്‍ ഇത്തവണ വടകര ലോക്സഭാ മണ്ഡലത്തില്‍ സി.പി.എമ്മിലെ, മുന്‍ മന്ത്രി കെ.കെ ശൈലജയെ 1,14,506 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 2011, 2016, 2021 തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹം പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ വിജയിച്ചിട്ടുണ്ട്. 2011-ല്‍ 7,403 വോട്ടുകളായിരുന്നു ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ ഷാഫിയുടെ ഭൂരിപക്ഷം. 2016-ല്‍ ബി.ജെ.പിയുടെ ശക്തയായ സ്ഥാനാര്‍ത്ഥി ശേഭാ സുരേന്ദ്രനാണ് ഷാഫിയുടെ എതിരാളിയായത്. അന്ന് രണ്ടാം സ്ഥാനത്ത് ശോഭ എത്തുകയും ചെയ്തിരുന്നു. ഷാഫി പറമ്പിലിന് 17,483 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നെങ്കിലും 2021-ല്‍ 3,859 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മെട്രോമാന്‍ ഇ ശ്രീധരനായിരുന്നു അന്ന് രണ്ടാം സ്ഥാനത്തെത്തിയത്.
ചേലക്കര
നിയമസഭാ മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ ലോക്‌സഭായിലേക്കു പോയ സാഹചര്യത്തിലാണ് ചേലക്കരയില്‍ തിരഞ്ഞെടുപ്പ് വേണ്ടി വരുന്നത്. തൃശൂര്‍ ജില്ലയില്‍ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ചേലക്കര. അഞ്ച് തവണ എം.എല്‍.എയായിരുന്ന കെ രാധാകൃഷ്ണന്‍ 1996, 2001, 2006, 2011, 2021 തിരഞ്ഞെടുപ്പുകളിലാണ് ചേലക്കരയെ പ്രതിനിധീകരിച്ചത്.
എതിര്‍ സ്ഥാനാര്‍ഥിയായി മത്സപിച്ച രമ്യാ ഹരിദാസ് കോണ്‍ഗ്രസിനു വേണ്ടി കളത്തിലിറങ്ങുമെന്ന് അഭ്യൂഹം ശക്തമാമ്. പ്രാദേശിക എതിര്‍പ്പുകള്‍ മറി കടന്നാല്‍ മാത്രമേ രമ്യയ്ക്ക് അവസരമൊരുങ്ങുകയുള്ളു. രാധാകൃഷ്ണനു പകരം മുന്‍ എം.എല്‍.എ കൂടിയായ യു.ആര്‍ പ്രദീപ് സി.പി.എമ്മിനു വേണ്ടി കളത്തിലിറങ്ങുമെന്ന് ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. 2016-ല്‍ അവിടെ നിന്ന് ജയിച്ച പ്രദീപ് 2021-ല്‍ ഒരു ടേം പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ കെ രാധാകൃഷ്ണനു വേണ്ടി മണ്ഡലം ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. ഡോ. ടി.എന്‍ സരസുവിനെ തന്നെ ബി.ജെ.പി വീണ്ടും പരിഗണിക്കാനാണ് സാധ്യത.
തൃശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂര്‍ക്കര, പാഞ്ഞാള്‍, പഴയന്നൂര്‍, തിരുവില്വാമല, വള്ളത്തോള്‍ നഗര്‍, വരവൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്നതാണ് ചേലക്കര നിയമസഭ നിയോജകമണ്ഡലം. സംവരണ മണ്ഡലമാണ് ചേലക്കര. നേരത്തെ കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും വിജയിപ്പിച്ചിരുന്ന മണ്ഡലമായിരുന്നു.
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലം ഇടതുപക്ഷത്തില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തപ്പോള്‍ ചേലക്കരയിലും യു.ഡി.എഫ് ലീഡ് നേടിയിരുന്നു. കോണ്‍ഗ്രസിനായി മത്സരിച്ച രമ്യ ഹരിദാസിന് 23,695 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ചേലക്കര നല്‍കിയത്. എന്നാല്‍ അഞ്ച് തവണ വിജയിച്ചപ്പോഴും കെ രാധാകൃഷ്ണന്‍ ഭൂരിപക്ഷം ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ പ്രാവശ്യം കോണ്‍ഗ്രസിലെ സി.സി ശ്രീകുമാറിനെ 39,400 വോട്ടുകള്‍ക്കാണ് കെ രാധാകൃഷ്ണന്‍ പരാജയപ്പെടുത്തിയത്.
പാലക്കാട്
ഷാഫി പറമ്പില്‍ വടകരയില്‍ നിന്ന് ലോക്‌സഭയിലേക്ക് പോയതോടെ ഒഴിവു വന്ന പാലക്കാട് സീറ്റ് നിലനിര്‍ത്തുകയെന്നതാണ് കോണ്‍ഗ്രസിനു മുന്നിലുള്ള വെല്ലുവിളി. യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിന്റെ പേര് ഷാഫിക്കു വകരമായി ഉയര്‍ന്നെങ്കിലും പ്രാദേശിക പരിഗണനകള്‍ക്ക് മുന്നില്‍ വെട്ടിപ്പോയേക്കുമെന്ന് കരുതുന്നവരുണ്ട്. കെ.പി.സി.സി ഭാരവാഹികളടക്കം സീറ്റില്‍ കണ്ണുവെച്ചിട്ടുമുണ്ട്.
ബി.ജെ.പിയാണ് കോണ്‍ഗ്രസിന്റെ പ്രധാന എതിരാളി. ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍, നഗരസഭാ വൈസ്‌ചെയര്‍മാന്‍ കൂടിയായ ഇ കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് കെ.എ ഹരിദാസ് നഗരസഭാ അധ്യക്ഷ പ്രമീളാ ശശിധരന്‍ തുടങ്ങിയ പേരുകള്‍ക്കാണ് ബി.ജെ.പിയില്‍ മുന്‍തൂക്കം. സീറ്റ് ഉറപ്പിക്കാന്‍ കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ വന്നേക്കുമെന്നും അഭ്യൂഹമുണ്ട്.
പാലക്കാട് ലോക്സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന പാലക്കാട് വാശിയേറിയ പോരാട്ടം നടക്കുന്ന നിയമസഭാ മണ്ഡലം കൂടിയാണ്. പാലക്കാട് ജില്ലയിലെ പാലക്കാട് നഗരസഭയും പാലക്കാട് താലൂക്കിലെ കണ്ണാടി, പിരായിരി എന്നീ ഗ്രാമപഞ്ചായത്തുകളും ആലത്തൂര്‍ താലൂക്കിലെ മാത്തൂര്‍ ഗ്രാമപഞ്ചായത്തും ഉള്‍ക്കൊള്ളുന്ന നിയമസഭാ മണ്ഡലമാണ് പാലക്കാട് നിയമസഭാ മണ്ഡലം.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലം പിടിക്കാന്‍ അവര്‍ എന്തു വിലയും കൊടുക്കും. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്ന് കോണ്‍ഗ്രസ് നേതാവും സിറ്റിങ് എം.പിയുമായ വി.കെ ശ്രീകണ്ഠന്‍ 75,283 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.