സിംഗപ്പൂർ: അഴിമതിക്കേസിൽ ഇന്ത്യൻ വംശജനായ മുൻ മന്ത്രിക്ക് സിംഗപ്പൂരിൽ ജയിൽ ശിക്ഷ. 62കാരനായ മുൻ ഗതാഗത മന്ത്രി എസ്. ഈശ്വരനാണ് ഒരു വർഷത്തെ ജയിൽ ശിക്ഷ ലഭിച്ചത്. ഏഴുവർഷത്തിനിടെ വ്യവസായികളിൽനിന്ന് നിയമവിരുദ്ധമായി 3.13 ലക്ഷം ഡോളറിന്റെ പാരിതോഷികങ്ങൾ കൈപ്പറ്റിയെന്നാണ് ഈശ്വറിനെതിരായ പ്രധാന കേസ്. നീതിനിർവഹണം തടഞ്ഞു എന്നതുൾപ്പെടെ 31 കുറ്റങ്ങളും ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്.
കേസിൽ സെപ്റ്റംബർ 24ന് കുറ്റം സമ്മതിച്ച ഈശ്വരനെതിരെ വ്യാഴാഴ്ചയാണ് കോടതി വിധി പ്രഖ്യാപിച്ചത്. കോടതി വിധിക്കെതിരെ അപ്പീലിൽ പോകില്ലെന്ന് ഈശ്വരൻ ഫേസ്ബുക്കിൽ അറിയിച്ചു. മന്ത്രിയെന്ന നിലക്കാണ് പാരിതോഷികങ്ങൾ കൈപ്പറ്റിയതെന്നും നിയമപരമായി തെറ്റായതിനാൽ ഉത്തരവാദിത്തം പൂർണമായും ഏറ്റെടുത്ത് നിരുപാധികം മാപ്പുപറയുന്നതായും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനേക്കാൾ അധികം തടവുശിക്ഷയാണ് കോടതി വിധിച്ചത്. ഏഴുമാസം വരെയെങ്കിലും തടവുശിക്ഷ നൽകണമെന്നായിരുന്നു ഡെപ്യൂട്ടി അറ്റോർണി ജനറൽ തായ് വെയ് ഷ്യോങ്ങിന്റെ നേതൃത്വത്തിലുള്ള പ്രോസിക്യൂഷൻ വാദം.